
പുണെ : ബസ് കയറ്റിവിടാമെന്ന് തെറ്റുധരിപ്പിച്ച് കൂടെക്കൂടി 26കാരിയെ സര്‍ക്കാര്‍ ബസില്‍വെച്ച് ബലാത്സംഗം ചെയ്ത് മുങ്ങിയ പ്രതി അറസ്റ്റില്‍. ചൊവ്വാഴ്ചയാണു യുവതിക്കെതിരെ അതിക്രമമുണ്ടായത്. പുണെയിലെ ഷിരൂരില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ദത്താത്രേയ ഗഡെ (37)യെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ അകലെയാണ് യുവതി അതിക്രമത്തിന് ഇരയായത് എന്നത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിയുടെ ഫോട്ടോ ഇന്നലെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പൊലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു.
പുണെയിലും അഹല്യാനഗര്‍ ജില്ലയിലുമായി മോഷണം, കവര്‍ച്ച, മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണു ദത്താത്രേയ ഗഡെ. ഇതിലെ ഒരു കേസില്‍ 2019 മുതല്‍ ജാമ്യത്തിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് പറഞ്ഞാണു പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താന്‍ അവിടെയെത്തിക്കാമെന്നും പറഞ്ഞ് കൂടെക്കൂടിയ ഇയാള്‍ യുവതിയെ സ്വര്‍ഗതേ ഡിപ്പോയില്‍ വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു.












