യുക്രെയ്നില്‍ നിന്നു പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന് റഷ്യ

മോസ്‌കോ: യുദ്ധത്തിലൂടെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന് റഷ്യ. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റേതാണ് ഓഫര്‍. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിരിക്കെയാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള അസാധാരണ വാഗ്ദാനം.

റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് പുടിന്‍ പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്. ഒരുപടികൂടി കടന്ന് ധാതുഖനനത്തിന് സംയുക്ത സംരംഭം ആകാമെന്നുവരെ പുടിന്‍ പറഞ്ഞുവെച്ചു. അമേരിക്കയും യുക്രൈനും തമ്മിലുള്ള ധാതുഖനന കരാര്‍ യാഥാര്‍ഥ്യമായാലും അത് റഷ്യയ്ക്ക് ഒരു ഭീഷണിയാകില്ലെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ യുക്രൈന്റെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ ശേഖരം റഷ്യയുടെ നിയന്ത്രണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈബീരിയയിലെ ക്രാസ്നോയാസ്‌കില്‍ അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി അലുമിനിയം ഉത്പാദനം നടത്താമെന്നും പുടിൻ അഭിപ്രായപ്പെട്ടു. റഷ്യന്‍ അലുമിനിയം ഉത്പാദകരായ റൂസലിന് ഏറ്റവും വലിയ ഖനികളുള്ള സ്ഥലമാണ് ക്രാസ്നോയാസ്‌ക്.

അതേസമയം അമേരിക്കയുമായി സഹകരിക്കാമെന്ന റഷ്യന്‍ പ്രസിഡന്റിന്റെ വാഗ്ദാനം തങ്ങളുടെ കൈവശം എത്രത്തോളം അപൂര്‍വ ധാതുക്കളുടെ ശേഖരമുണ്ടെന്ന് അറിയിക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിന്റെ രംഗപ്രവേശം.

ലോകത്തെ അപൂര്‍വ ധാതുസമ്പത്തിന്റെ അഞ്ച് ശതമാനം യുക്രൈനിന്റെ കൈവശമായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തോടെ ധാതുനിക്ഷേപമുള്ള പ്രദേശങ്ങളുടെ നല്ലൊരു പങ്കും റഷ്യ കൈവശപ്പെടുത്തി. യുക്രൈനിന്റെ പക്കല്‍ 50,000 കോടി ഡോളര്‍ മൂല്യമുള്ള ധാതുനിക്ഷേപമുണ്ട് എന്നാണ് ട്രംപിന്റെ വാദം.

അമേരിക്കയ്ക്ക് അവ ഖനനം ചെയ്യാന്‍ അവകാശം വേണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് സുരക്ഷ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്നാണ് യുക്ര ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭിപ്രായപ്പെട്ടത്.

Russia offers to give rare mineral deposits from territories seized from Ukraine to the US