
കോഴിക്കോട് : ക്രിസ്മസ് പരീക്ഷ നടക്കാനിരിക്കെ 10, പ്ലസ് വണ്‍ ക്ലാസുകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതാണെന്നും അതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികള്‍ക്കാണെന്നും ഷുഹൈബ് പറഞ്ഞു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീന്‍ കുട്ടി പറഞ്ഞു. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനാല്‍ ഇന്നലെ ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങുകയായിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഷുഹൈബിന്റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവു ശേഖരിക്കുകയും വ്യക്തത വരുത്തുകയും ചെയ്യും. കേസില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും.
ക്രിസ്മസ് പരീക്ഷയുടെ പ്ലസ് വണ്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്എസ്എല്‍സി ഇംഗ്ലിഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളുടെ ചോര്‍ച്ച മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നത്.












