‘സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത്’, വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ കേസിൽ ടിജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും വരുന്ന മൂന്ന് ദിവസം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത മോഹൻദാസിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

കേസിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനൽ ഉടമയെ കണ്ടെത്തുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പരാതി നൽകിയതിന് ശേഷവും അറസ്റ്റിലേക്ക് കടക്കാൻ ദീർഘമായ സമയമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മുൻകൂട്ടി നോട്ടീസ് നൽകിയില്ലെന്ന് പ്രതിഭാഗം ചോദ്യമുയർത്തി. നോട്ടീസ് നൽകിയിരുന്നെങ്കിൽ പ്രതി തെളിവുകൾ നശിപ്പിക്കുമായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉപാധികളോടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഉച്ചയോടെ മോഹൻദാസിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ ഇയാൾക്കെതിരെ കരിങ്കൊടിയേന്തി ശക്തമായ പ്രതിഷേധം ഉയർത്തി. വിദ്യാർത്ഥി-യുവജന സംഘടനകൾ നൽകിയ പരാതികളെ തുടർന്നാണ് സൈബർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

Remarks Against Student Protesters: Bail Granted to TG Mohandas with Conditions; Court Rejects Police Custody Plea

More Stories from this section

family-dental
witywide