റഷ്യയിൽ യുക്രെയിൻ ഡ്രോൺ ആക്രമണം: എണ്ണ ശുദ്ധീകരണ ശാലയും ജനവാസ മേഖലകളും ലക്ഷ്യെവെച്ചു, 12 മരണം, 39 പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ ടാട്ടർസ്ഥാൻ മേഖലയിലുള്ള പ്രമുഖ വ്യാവസായിക നഗരമായ നിഷ്നെകാംസ്കിൽ യുക്രെയിൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വ്യവസായ സ്ഥാപനങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തദ്ദേശീയരായ 39 ഓളം പേർക്ക് പരിക്കേറ്റതായും ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും നിഷ്നെകാംസ്ക് മേയർ റാദ്മിർ ബെല്യായേവ് തിങ്കളാഴ്ച അറിയിച്ചു.

റഷ്യയിലെ ഏറ്റവും അത്യാധുനികമായ എണ്ണ ശുദ്ധീകരണ ശാലകളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. ആക്രമണത്തിൽ ഈ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ടാട്ടർസ്ഥാൻ തലവൻ റുസ്തം മിന്നിഖാനോവ് മേഖലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

കഴിഞ്ഞ ജൂൺ ആദ്യവാരത്തിലും യുക്രെയിൻ ലക്ഷ്യമിട്ട ടാറ്റ്നെഫ്റ്റിൻ്റ ഉടമസ്ഥതയിലുള്ള ‘ടാനെക്കോ’ റിഫൈനറിക്ക് നേരെയാണ് ഇത്തവണയും ആക്രമണമുണ്ടായത്. റഷ്യയുടെ ഇന്ധന ഉത്പാദനത്തിൽ വലിയ പങ്കുവഹിക്കുന്ന ഈ റിഫൈനറി 2024-ൽ മാത്രം 17 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുകയും, 2.7 ദശലക്ഷം ടൺ ഗ്യാസോലിനും 8.5 ദശലക്ഷം ടൺ ഡീസലും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു വൻകിട കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം റഷ്യൻ സാമ്പത്തിക-പ്രതിരോധ മേഖലകൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

റഷ്യയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ഇന്ധനക്ഷാമം സൃഷ്ടിച്ച് യുദ്ധത്തിൽ മേൽക്കൈ നേടുക എന്ന ലക്ഷ്യത്തോടെയാണ് സമീപമാസങ്ങളായി റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണം യൂക്രെയിൻ ശക്തമാക്കിയിരിക്കുന്നത്. ഇതിന് മുൻപും പലയിടങ്ങളിലും സമാനമായ രീതിയിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ആക്രമണങ്ങളെ തുടർന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ആദ്യഘട്ടത്തിൽ ഇന്ധനക്ഷാമം നേരിട്ടിരുന്നെങ്കിലും, നിലവിൽ പ്രതിസന്ധികൾ ഭൂരിഭാഗവും പരിഹരിച്ചതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് അതിർത്തി മേഖലകളിൽ റഷ്യ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Ukraine drone attack in Russia: 12 dead, 39 injured, targeting oil refinery and residential areas

More Stories from this section

family-dental
witywide