വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിൽ യുടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത സമ്മർദത്തിനൊടുവിൽ നിലപാട് മാറ്റി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് മുന്നണി ചർച്ച ചെയ്ത് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ നികുതി ഘടന മാത്രമാണ് നിശ്ചയിച്ചതെന്നും വിൽപന നടപ്പാക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുന്നണി വേണ്ട എന്ന് തീരുമാനിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മുൻ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ കാലത്ത് ബക്കാർഡി കമ്പനിക്കായി വിദേശ മദ്യനയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫാണ്. അവർ എടുത്ത തീരുമാനത്തിന്മേൽ നികുതി നിരക്ക് നിശ്ചയിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.

മദ്യനയം എന്നത് രാഷ്ട്രീയ തീരുമാനമാണെന്നും അത് യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും സംസാരിച്ച് മാത്രമേ നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദൈനംദിന ഭരണത്തിൽ കെപിസിസി ഓഫീസ് ഇടപെടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുഖ്യമന്ത്രി അറിയാതെ ഫയൽ അടിച്ചുമാറ്റി പാർട്ടി ഓഫീസിൽ കൊണ്ടുപോകുന്ന പതിവൊന്നും ഈ സർക്കാരിൽ ഉണ്ടാകില്ലെന്ന് മുൻ എൽഡിഎഫ് സർക്കാരിനെ ലക്ഷ്യമിട്ട് പരിഹസിച്ചു. പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നികുതിയിളവ് താൽക്കാലികമായി നിർത്തിവെച്ച് തീരുമാനം മുന്നണിക്ക് വിടാൻ സർക്കാർ തയ്യാറായത്.

U-Turn on Low Alcohol Beverage Tax: Chief Minister VD Satheesan Leaves Final Decision to UDF

More Stories from this section

family-dental
witywide