സംസ്ഥാന ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാക്പോര്. ബജറ്റിലെ കരിമണൽ ഖനന നിർദ്ദേശത്തെച്ചൊല്ലി പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭത്തിലൂടെ കരിമണലിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക മാത്രമാണ് ലക്ഷ്യമെന്ന് അറിയിച്ചു. വാക്ക് മാറ്റുന്ന ശീലം തനിക്കില്ലെന്നും യു-ടേൺ അടിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഈ ഘട്ടത്തിൽ പ്രതിപക്ഷത്തെ നേരിടേണ്ട രീതി ഇതല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പ്രതിപക്ഷത്തോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും ‘യു ഹാവ് നോ റൈറ്റ്’ (നിങ്ങൾക്ക് അവകാശമില്ല) എന്ന് പ്രതിപക്ഷത്തോട് പറയാൻ മുഖ്യമന്ത്രിക്കെന്താണ് അവകാശമെന്നും പിണറായി വിജയൻ ആഞ്ഞടിച്ചു. എന്നാൽ സർക്കാരിന്റെ നയം വിശദീകരിക്കാൻ മുഖ്യമന്ത്രിക്കുള്ള അവകാശത്തെ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി.
സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ സാമ്പത്തിക നയം ആവശ്യമാണെന്നും ഇതിനായി എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ചു. മുൻ എൽഡിഎഫ് സർക്കാർ കെഎസ്ഇബിയെയും സപ്ലൈകോയെയും വൻ കടക്കെണിയിലാക്കിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ജനങ്ങളുടെ തലയിൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും ഉറപ്പുനൽകി. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അവസരം നൽകാത്തതിനെച്ചൊല്ലിയും സഭയിൽ പ്രതിപക്ഷാംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തി.
Heated Spar in Assembly Between CM VD Satheesan and Opposition Leader Pinarayi Vijayan Over Budget Discussion










