
വാഷിംഗ്ടണ്‍ : യുഎസില്‍ പ്രതിസന്ധികളും ആശങ്കകളും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്. ഇതിനിടെ സര്‍ക്കാരിന് ധനസഹായം നല്‍കാനും അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുമുള്ള ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ നിര്‍ദ്ദേശങ്ങള്‍ സെനറ്റ് തിങ്കളാഴ്ച വീണ്ടും നിരസിച്ചു. ഡെമോക്രാറ്റുകളുടെ നിര്‍ദ്ദേശം 45-55 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു, റിപ്പബ്ലിക്കന്‍ ബില്‍ 52-42 വോട്ടുകള്‍ക്കും പരാജയപ്പെട്ടു. ഇവ രണ്ടും പാസാകാന്‍ 60 വോട്ടുകള്‍ ആവശ്യമായിരുന്നു.
തിങ്കളാഴ്ച പരാജയപ്പെട്ട മറ്റൊരു വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി ഫെഡറല്‍ തൊഴിലാളികള്‍പിരിച്ചുവിടലുകള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷാവസാനം വരെയും ഒബാമാകെയര്‍ സബ്സിഡികള്‍ തുടരണമെന്ന അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഡെമോക്രാറ്റുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ തുടരുമ്പോള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരടക്കമുള്ള നിര്‍ണായ മേഖലകളില്‍ സ്ഥിതി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, ലോസ് ഏഞ്ചല്‍സിനടുത്തുള്ള ബര്‍ബാങ്ക് വിമാനത്താവളം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുണ്ടാകില്ലെന്നും ‘എടിസി സീറോ’ ആകുമെന്നും പ്രഖ്യാപിച്ചു, അതായത് സാധാരണ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം ഇത് തിങ്കളാഴ്ച രാത്രി 10 മണി വരെ നീണ്ടുനില്‍ക്കും. ബര്‍ബാങ്കിന് പുറമേ, മറ്റ് നിരവധി പ്രധാന കേന്ദ്രങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്.
ന്യൂവാര്‍ക്ക്, ന്യൂജേഴ്സി, ഡെന്‍വര്‍, കൊളറാഡോ, ഡിട്രോയിറ്റ്, മിഷിഗണ്‍, ഇന്ത്യാനാപോളിസ്, ഇന്ത്യാന, അരിസോണയിലെ ഫീനിക്‌സ് എന്നിവിടങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലും ക്ഷാമം നേരിടുന്നുണ്ട്.












