
വാഷിംഗ്ടണ്‍ : 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജൂലൈ 4 ന് ട്രൂത്ത് സോഷ്യല്‍ വഴി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ട്രംപിന്റെ ഈ ‘സമ്മതം’.
2020ല്‍ ബൈഡന്‍ ജയിച്ച തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും അട്ടിമറി നടന്നുവെന്നുമാണ് അന്നുമുതല്‍ക്കേ ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, പുതിയ വീഡിയോയില്‍ അസാധാരണമായ ഒരു മാറ്റിപ്പറച്ചിലാണ് ട്രംപ് നടത്തുന്നത്. ഇത് വ്യാപകമായി ശ്രദ്ധ നേടുന്നത്.
‘പ്രസിഡന്റ് ഡോണാള്‍ഡ് ജെ ട്രംപിന്റെ ഏറ്റവും മികച്ച ജീവിത പരിണാമ വീഡിയോ’ എന്ന് പേരിട്ടിരിക്കുന്ന ദൃശ്യങ്ങളില്‍ ട്രംപിന്റെ ബാല്യത്തില്‍ നിന്ന് അദ്ദേഹത്തിന്റെ വിശാലമായ ബിസിനസ്, രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പരിണാമത്തെ അവതരിപ്പിക്കുന്നു. 1959 മുതല്‍ 1964 വരെയുള്ള ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയിലെ സമയം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ആദ്യകാലങ്ങളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ ഏറ്റെടുക്കല്‍, അദ്ദേഹത്തിന്റെ ബിസിനസ്സ് സംരംഭങ്ങള്‍, എല്ലാറ്റിനുമൊടുവില്‍ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം എന്നിവയിലൂടെയാണ് വീഡിയോ സഞ്ചരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ‘സമ്മര്‍ദ്ദത്തിനും ആക്രമണത്തിനും ഇരയായി’ എന്നും ഒരു കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായും ട്രംപ് പറയുന്ന നിമിഷങ്ങളും വീഡിയോയെ വൈകാരികമാക്കി.
ഇതിനിടെ വീഡിയോയുടെ മധ്യഭാഗത്ത്, ‘2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു, പക്ഷേ MAGA (Make America Great Again)യോട് പ്രതിജ്ഞാബദ്ധനായി തുടരുന്നു’ എന്ന അടിക്കുറിപ്പ് ട്രംപിന്റെ മുന്‍ പ്രസ്താവനകളില്‍ നിന്ന് ശ്രദ്ധേയമായ ഒരു മാറ്റമാണെന്ന് സോഷ്യല്‍ മീഡിയ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് തന്റെ വിജയം തട്ടിയെടുത്തെന്ന മുന്‍ നിലപാടില്‍ നിന്നും ട്രംപിന്റെ മലക്കം മറിച്ചില്‍ ചര്‍ച്ചയാകുന്നത്.














