സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് തിരൂരങ്ങാടിയിൽ പതിമൂന്നുകാരന് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തം; അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ പതിമൂന്നുകാരൻ ജുനൈദ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് മന്ത്രി നിർദ്ദേശിച്ചു. കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി, കുടുംബത്തിന് ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.

വീടിന് സമീപത്തെ വയലിലുള്ള വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ജുനൈദ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതായും, ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. അപകടസ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നാട്ടുകാർ രൂക്ഷമായ തർക്കത്തിലേർപ്പെട്ടു.

ഒരു വർഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും, നേരത്തെ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചിട്ടുണ്ടോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.

Electricity Minister Sunny Joseph Orders Probe into 13-Year-Old’s Electrocution in Tirurangadi; Warns of Strict Action Over Lapses

More Stories from this section

family-dental
witywide