നെടുമങ്ങാട് ഒന്നര വയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; അമ്മയുടെ പങ്കാളി മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്, ഇരുവരും കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ അമ്മ അഖിലയും ഇവരുടെ പങ്കാളി അഷ്കറും പോലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിന് നേരിടേണ്ടി വന്നത് കണ്ണില്ലാത്ത ക്രൂരതയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പങ്കാളിയായ അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും ഈ മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് സ്ഥിരീകരിച്ചു.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്നായിരുന്നു അഷ്കർ ആദ്യം പോലീസിനും ബന്ധുക്കൾക്കും നൽകിയ മൊഴി. ഇന്നലെ ഇതേ കാരണങ്ങൾ പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. എന്നാൽ തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ കടുത്ത മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. ഇതോടെയാണ് മരണത്തിലെ നിഗൂഢതകൾ പുറത്തുവന്നത്.

രണ്ടാനച്ഛനായ അഷ്‌കർ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്ന് അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവ് സുനിൽകുമാർ വെളിപ്പെടുത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Nedumangad toddler’s death turns out to be murder; mother’s partner held for brutal assault

More Stories from this section

family-dental
witywide