
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് ഫിലാഡൽഫിയയിൽ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച സായുധസംഘത്തെ പിന്തുടർന്ന ഇരുപത്തിരണ്ടുകാരനായ സർവ്വകലാശാല വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അവസാനവർഷ വിദ്യാർത്ഥിയായ ബില്ലി സ്മിത്ത് ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ 1:30 ഓടെ സൗത്ത് ഫിലാഡൽഫിയയിലെ ബില്ലിയുടെ വീടിന് സമീപമായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന ബില്ലിയെ രണ്ടുപേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ ബില്ലി ഇവരെ പിന്തുടർന്നു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ “എൻ്റെ ഫോൺ തിരികെ തരൂ” എന്ന് ബില്ലി വിളിച്ചുപറയുന്നത് വ്യക്തമായി കേൾക്കാം. ഇതിന് തൊട്ടുപിന്നാലെ അക്രമികൾ ബില്ലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ബില്ലിയെ ഉടൻ തന്നെ പെൻ പ്രെസ്ബിറ്റേറിയൻ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ കൊള്ളക്കാരുടെ പിന്നാലെ പോയെന്ന വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് ബില്ലിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വെറുമൊരു മൊബൈൽ ഫോണിന് വേണ്ടി ഒരാളുടെ ജീവനെടുക്കുന്ന ക്രൂരത അതിദാരുണമാണെന്ന് പ്രദേശവാസികളും പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫിലാഡൽഫിയ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു
22-year-old man shot dead in Philadelphia after running after gang that stole his cell phone















