
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് പതാകയേന്തിയ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ‘എം.ടി കാസിമ III’ (MT Kazimah III) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ അപായപ്പെടാതെ രക്ഷപ്പെട്ടു. കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ നാവികരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാൻ അധികൃതരുടെ സഹകരണത്തോടെയാണ് ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ടോഗോയിലെ ലോം തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാവികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്റെ പിന്തുണയ്ക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
ആക്രമണത്തിന്റെ ഉറവിടം ഏതാണെന്നോ പ്രൊജക്ടൈൽ ഏത് ദിശയിൽ നിന്നാണ് പതിച്ചതെന്നോ നിലവിൽ വ്യക്തമായിട്ടില്ല. ടാങ്കറിനുണ്ടായ നാശനഷ്ടങ്ങളുടെ തോതും പരിസ്ഥിതി ആഘാതവും ഏജൻസികൾ വിലയിരുത്തി വരികയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയിൽ സുരക്ഷാ ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ മേഖലയിലെ വിദേശ ഏജൻസികളും സുരക്ഷാ സേനയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Projectiles Hit Fuel Tanker in Strait of Hormuz; 5 Indian Sailors Rescued Safely












