രാഷ്ട്രീയ ചുവടുമാറ്റത്തിന് പിന്നാലെ വമ്പൻ സമ്മാനം; യൂസഫ് പഠാന് തർക്കഭൂമി വിട്ടുനൽകാൻ ഗുജറാത്തിലെ ബിജെപി സർക്കാർ അനുമതി

ഗാന്ധിനഗർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എം.പിയുമായ യൂസഫ് പഠാന് വഡോദരയിലെ തർക്കഭൂമി അനുവദിക്കാൻ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അനുമതി നൽകി. പഠാന്റെ വഡോദരയിലെ വീടിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ (ഏകദേശം 24 സെന്റ്) സർക്കാർ ഭൂമിയാണ് വിട്ടുനൽകുന്നത്. ഇത് സംബന്ധിച്ച് വഡോദര മുനിസിപ്പൽ കോർപ്പറേഷന് സംസ്ഥാന സർക്കാർ ഉത്തരവ് കൈമാറി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ പഠാന് ഭൂമി കൈവശം വയ്ക്കാനാകും.

മമത ബാനർജിയുമായി തെറ്റിപ്പിരിഞ്ഞ് യൂസഫ് പഠാൻ ഉൾപ്പെടെ 20 എം.പിമാർ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ചേർന്നതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാരിന്റെ ഈ നിർണായക നീക്കം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

14 വർഷമായി മുടങ്ങിക്കിടന്ന ഭൂമി കൈമാറ്റ നടപടികളാണ് ഇപ്പോൾ പെട്ടെന്ന് ജീവൻ വെച്ചിരിക്കുന്നത്. വിപണി വില പ്രകാരം 20.53 കോടി രൂപ (ചതുരശ്ര മീറ്ററിന് 2.10 ലക്ഷം രൂപ) മൂല്യം വരുന്നതാണ് ഈ പ്ലോട്ട്. എന്നാൽ ഭൂമിക്ക് പഠാൻ എത്ര തുക നൽകണമെന്ന കാര്യത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ അന്തിമ തീരുമാനമെടുത്തിട്ടില്ല.

തന്റെ ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് 2012-ലാണ് യൂസഫ് പഠാൻ ആദ്യമായി വഡോദര കോർപ്പറേഷനെ സമീപിക്കുന്നത്. അന്ന് പൊതുലേലം ഇല്ലാതെ 99 വർഷത്തെ പാട്ടത്തിന് ഭൂമി നൽകാൻ കോർപ്പറേഷൻ തയ്യാറായെങ്കിലും 2014-ൽ അന്നത്തെ സംസ്ഥാന സർക്കാർ ഈ തീരുമാനം തള്ളി.

തുടർന്ന്, ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ 2024-ൽ കോർപ്പറേഷൻ നോട്ടീസ് നൽകിയതോടെ പഠാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ 2025 ഓഗസ്റ്റിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പഠാന്റെ ഹർജി തള്ളി. ഇതിനെതിരെ നൽകിയ അപ്പീലിൽ, നിയമപരമായി സ്വന്തമാക്കാത്ത സർക്കാർ ഭൂമി എങ്ങനെ കൈവശം വെച്ചുവെന്ന് 2026 ജൂണിൽ ഡിവിഷൻ ബെഞ്ച് കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 31-നാണ് പഠാൻ കോടതിയിൽ നിന്ന് അപ്പീൽ അപ്രതീക്ഷിതമായി പിൻവലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ അനുകൂല ഉത്തരവുമായി ഗുജറാത്ത് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

A major reward following a political shift: Gujarat’s BJP government grants permission to hand over a disputed plot of land to Yusuf Pathan.

More Stories from this section

family-dental
witywide