
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടയിൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. “നുണകൾ പ്രചരിപ്പിച്ചതിന്” ശേഷം രാഹുൽ അവധി ആഘോഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
രാഹുൽ ഗാന്ധി വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോയും ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. “നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു… കുറച്ചുദിവസം വിയറ്റ്നാമിൽ പോയി ചുറ്റിക്കറങ്ങി വരാം… ആര് കണ്ടുപിടിക്കാനാണ്!” എന്ന പരിഹാസക്കുറിപ്പോടെയാണ് ബിജെപി വീഡിയോ പോസ്റ്റ് ചെയ്തത്.
നീല ടി-ഷർട്ടും എയർപോഡ്സും ധരിച്ച് വിമാനത്തിനുള്ളിൽ ഇരിക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. കാഴ്ചയിൽ ഇയാൾക്ക് രാഹുൽ ഗാന്ധിയോട് സാദൃശ്യമുണ്ട്. ഒപ്പമുള്ള യാത്രക്കാർ ഇദ്ദേഹം പ്രതിപക്ഷ നേതാവാണെന്ന് പരസ്പരം സംസാരിക്കുന്നതും കേൾക്കാം. എന്നാൽ വീഡിയോയുടെ വിശ്വാസ്യതയോ വാർത്തയോ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
”झूठ फैलाते-फैलाते थक गया… कुछ दिन वियतनाम घूम आता हूं… किसी को क्या ही पता चलेगा! 😜”
— BJP (@BJP4India) October 19, 2026
അതേസമയം, രാഹുൽ ഗാന്ധി ഏതാനും ദിവസത്തെ വ്യക്തിപരമായ വിദേശയാത്രയ്ക്കായി പോയതാണെന്നും നാല് ദിവസത്തേക്ക് അദ്ദേഹം വിയറ്റ്നാമിലുണ്ടാകുമെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഗോവ രക്ഷാ യാത്ര’യിൽ പങ്കെടുത്ത് രണ്ട് കിലോമീറ്റർ പദയാത്ര നടത്തിയ ശേഷമാണ് അദ്ദേഹം വിദേശത്തേക്ക് പോയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസും മറ്റ് ഇൻഡ്യ മുന്നണി നേതാക്കളും പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കം. കഴിഞ്ഞ ഒക്ടോബർ 12-ന് ഇൻഡ്യ മുന്നണി നേതാക്കൾ സുപ്രീം കോടതിയിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ നടത്തുകയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും ശക്തമായ സമരത്തിലാണ്.
‘Tired of telling lies, now off to roam in Vietnam’; BJP mocks Rahul Gandhi’s foreign trip













