സാൻ ഫ്രാൻസിസ്‌കോ: നാല് തവണ H-1B വിസ അവസരം നഷ്ടപ്പെട്ടതിനെ തുടർന്ന് വർഷം ഏകദേശം മൂന്ന് ലക്ഷം ഡോളർ ശമ്പളമുള്ള ഗൂഗിൾ ജോലി ഉപേക്ഷിച്ച മുൻ ഗൂഗിൾ എൻജിനീയർ പ്രതിക് കാർക്കി, തന്റെ അമേരിക്കൻ കുടിയേറ്റ പോരാട്ടത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം താനും ഭാര്യയും ഗ്രീൻ കാർഡ് നേടിയതായും ഇപ്പോൾ സ്വന്തം കമ്പനി നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാൾ സ്വദേശിയായ കാർക്കി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജീവിതയാത്ര തുറന്ന് പറഞ്ഞത്. കുടുംബം നേരിട്ട ബുദ്ധിമുട്ടുകൾ, പിതാവിന്റെ ത്യാഗങ്ങൾ, ഗൂഗിളിൽ ജോലി ചെയ്യുന്നതിനിടെ ആവർത്തിച്ച് H-1B വിസ ലഭിക്കാതെ വന്ന അനുഭവങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.“ഇന്ന് ഞങ്ങൾക്ക് ഗ്രീൻ കാർഡ് ലഭിച്ചു. പൂർണ കഥ, ഒരു മായവും ഇല്ല. എന്റെ അച്ഛനോട് പ്രത്യേക നന്ദി,” എന്നാണ് കാർക്കി എക്സിൽ കുറിച്ചത്.
തന്റെ ബാല്യകാലത്ത് പിതാവ് ഹാർവാർഡിലും ബെർക്കിലിയിലും പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനായിരുന്നുവെന്ന് കാർക്കി പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം അച്ഛൻ അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച് നേപ്പാളിലേക്ക് മടങ്ങി, തന്നെയും സഹോദരനെയും ഒറ്റയ്ക്ക് വളർത്തിയതായും അദ്ദേഹം ഓർത്തെടുത്തു. “ഞങ്ങൾ മുത്തശ്ശന്മാരുടെ വീട്ടിലെ ചെറിയ മുറിയിലായിരുന്നു താമസം. ഞങ്ങൾക്കായി അച്ഛൻ അമേരിക്കയിൽ ഉണ്ടാക്കിയ ജീവിതം മുഴുവൻ ഉപേക്ഷിച്ചു,” കാർക്കി പറഞ്ഞു.
വർഷങ്ങൾക്കുശേഷം അമേരിക്കയിലെത്തി ഗൂഗിളിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും H-1B വിസ ലഭിക്കുന്നതിൽ പലതവണ പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. “രണ്ട് വർഷം മുമ്പ് നാലാം തവണയും H-1B വിസയിൽ നിന്ന് പുറത്തായി. ആ ഇമെയിൽ ഏറെ നേരം നോക്കി ഇരുന്ന ശേഷമാണ് മറ്റാരോടും പറഞ്ഞത്,” അദ്ദേഹം കുറിച്ചു. അമേരിക്കയിൽ ഭാര്യയോടും വളർത്തുമൃഗങ്ങളോടും കൂടെ പടുത്തുയർത്തിയ ജീവിതം നഷ്ടപ്പെടുമോ എന്ന ഭയവും അന്നുണ്ടായിരുന്നുവെന്ന് കാർക്കി പറഞ്ഞു.
“എല്ലാം പായ്ക്ക് ചെയ്ത് കാനഡയിലേക്കോ നേപ്പാളിലേക്കോ പോകേണ്ട സാഹചര്യം. ഞാൻ സ്നേഹിക്കുന്ന ആളിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെയാകേണ്ടി വരുമെന്ന ചിന്ത വേദനിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. തുടർന്ന് ഭാര്യയുമായി നടത്തിയ ദീർഘസംഭാഷണമാണ് ജീവിതം മാറ്റിയതെന്ന് കാർക്കി വ്യക്തമാക്കി. “നമുക്ക് ജീവിക്കാൻ ആവശ്യമായ സംരക്ഷണമുണ്ടെന്നും, ഇത് എന്റെ സ്വപ്നമാണെന്നും അവൾ പറഞ്ഞു,” എന്നും അദ്ദേഹം കുറിച്ചു.
അതിന് പിന്നാലെ 27-ാം വയസിൽ തന്നെ വർഷം ഏകദേശം 3 ലക്ഷം ഡോളർ ശമ്പളമുള്ള ഗൂഗിൾ ജോലി രാജിവെച്ചതായും തുടർന്ന് സാൻ ഫ്രാൻസിസ്‌കോയിൽ സുഹൃത്തുക്കളുമായും മെന്റർമാരുമായും ചേർന്ന് സ്റ്റാർട്ടപ്പ് ആശയങ്ങൾ പരീക്ഷിച്ച അദ്ദേഹം ഒടുവിൽ ‘Anthromind’ എന്ന കമ്പനി സഹസ്ഥാപിച്ചു എന്നും ഗൂഗിളിൽ ജോലി ചെയ്തിരുന്ന സമയത്ത് AI പദ്ധതികൾ പരാജയപ്പെടുന്നത് കണ്ട അനുഭവങ്ങളിൽ നിന്നാണ് ഈ ആശയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം O-1 വിസയും ലഭിച്ചതായും കാർക്കി വെളിപ്പെടുത്തി. “ഗൂഗിളിലെ ജോലി പരിചയം, ഹാക്കത്തോണുകളിൽ ജഡ്ജായ അനുഭവം, പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ എല്ലാ തയ്യാറെടുപ്പുകളും ഞാൻ തന്നെയായിരുന്നു ചെയ്തത്,” അദ്ദേഹം പറഞ്ഞു.“അവസാനം കേസ് അംഗീകരിക്കപ്പെട്ടു. തുടർന്ന് ഗ്രീൻ കാർഡും ലഭിച്ചു,” എന്നും അ കൂട്ടിച്ചേർത്തു.
“ഇന്ന് ഞാനും ഭാര്യയും ഗ്രീൻ കാർഡുകൾ കൈയിൽ പിടിച്ചുനിൽക്കുകയാണ്. രണ്ട് കുടിയേറ്റക്കാർ, ഒരു കമ്പനി, ജീവിതം മാറ്റിമറിച്ച ഒരു അടുക്കള മേശയിലെ സംഭാഷണം. അച്ഛാ, നിങ്ങളുടെ ത്യാഗങ്ങൾക്കും പാഠങ്ങൾക്കും നന്ദി,” എന്നായിരുന്നു കാർക്കിയുടെ വാക്കുകൾ.
A Nepal-born Ex-Google techie who quit $300,000 job after repeated H-1B rejections shares green card journey: ‘Full story, no BS’













