തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമം. താൻ കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ സൂര്യ ഔദ്യോഗികമായി വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കൊണ്ട് താരം വാർത്താക്കുറിപ്പ് പുറത്തിറക്കി. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് നിലവിൽ യാതൊരു പദ്ധതികളുമില്ലെന്നും എന്നാൽ അഗരം ഫൗണ്ടേഷൻ വഴിയുള്ള ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും താരം ആരാധകരെ അറിയിച്ചു.
ആരാധക കൂട്ടായ്മയുടെ യോഗത്തിൽ ഉയർന്നുവന്ന ചില പരാമർശങ്ങൾ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് സൂര്യയുടെ അടിയന്തര വിശദീകരണം. അഖിലേന്ത്യ സൂര്യ തലൈമൈ നർപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ ആലോചനാ യോഗത്തിൽ, സാഹചര്യം അനുകൂലമാകുമ്പോൾ സൂര്യ രാഷ്ട്രീയത്തെ നയിക്കുമെന്നും അദ്ദേഹം ഒരു ജനനായകനായി മാറുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും ഒരു ഭാരവാഹി പ്രസംഗിച്ചിരുന്നു. ഈ പ്രസ്താവനയെ യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവരും പിന്തുണയ്ക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
നടൻ വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. എന്നാൽ ഈ പ്രസ്താവന സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ആരാധക കൂട്ടായ്മ പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് പൂർണ്ണമായി വിരാമമിട്ടുകൊണ്ട്, സിനിമയിലും സാമൂഹിക സേവനത്തിലും മാത്രമായിരിക്കും തന്റെ ശ്രദ്ധയെന്ന് വ്യക്തമാക്കി താരം തന്നെ നേരിട്ട് രംഗത്തെത്തിയത്.
Actor Suriya Denies Political Entry Rumors, Clarifies Focus on Films and Charity














