
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് (PA) ചന്ദ്രനാഥ് റത്ത് ആണ് വെടിയേറ്റ് മരിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
ജെസോർ റോഡിൽ ദൊഹാരിയയ്ക്ക് സമീപം ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലും വയറിലും വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ബുദ്ധദേബിനും വെടിയേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആധുനിക ഗ്ലോക്ക് പിസ്റ്റളുകൾ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മധ്യഗ്രാമിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
After BJP’s victory in Bengal, Suvendu Adhikari’s PA shot dead; Murder in Madhyagram














