തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി തള്ളിക്കളയുമ്പോഴും പാർട്ടിതലത്തിൽ രഹസ്യ അന്വേഷണം ശക്തമാക്കി ബി.ജെ.പി. കുമ്മനം രാജശേഖരൻ, ജേക്കബ് തോമസ് എന്നിവരടങ്ങുന്ന അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മാരാർജി ഭവനിൽ വെച്ചായിരുന്നു നടപടി. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് ഉൾപ്പെടെയുള്ളവരിൽ നിന്നാണ് അച്ചടക്ക സമിതി വിവരങ്ങൾ ശേഖരിച്ചത്. അഞ്ജനയുടെ പേരിലുള്ള ഫോൺ സംഭാഷണങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.
അതേസമയം, പാർട്ടിയിൽ യാതൊരുവിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഔദ്യോഗിക വിശദീകരണം. തങ്ങൾക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ജന അടക്കമുള്ള നേതാക്കൾ നൽകിയ പരാതിയിലാണ് നിലവിലെ മൊഴിയെടുക്കലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന അനൗദ്യോഗിക സൂചന. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് വി. മുരളീധരൻ ആവശ്യപ്പെടുകയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെ മാറ്റണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.
പാർട്ടിക്ക് എസ്. സുരേഷിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും യോഗത്തിൽ തട്ടിപ്പ് സംബന്ധിച്ച് വിമർശനങ്ങളൊന്നും ഉയർന്നിട്ടില്ലെന്നും വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്നാൽ, ആരോപണവിധേയരായ ആളുകൾക്ക് എസ്. സുരേഷുമായും പാർട്ടി വൈസ് പ്രസിഡന്റ് കെ. സോമനുമായും അടുത്ത ബന്ധമുണ്ടെന്നാണ് പാർട്ടിയിലെ എതിർചേരി ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. പരാതി നൽകിയ മറ്റ് നേതാക്കളുടെ മൊഴികൂടി വരും ദിവസങ്ങളിൽ സമിതി രേഖപ്പെടുത്തും.
BJP Fund Fraud: Party Secretly Probes Allegations, Records Statements of Leaders















