
തിരുവനന്തപുരം: ധനവകുപ്പിലെ രഹസ്യ ഫയലുകളുടെയും സാമ്പത്തിക വിവരങ്ങളുടെയും വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശന്‍റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഷയത്തിൽ മുഖ്യമന്ത്രി തെറ്റ് അംഗീകരിച്ച് നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അധികാരം ഒഴിയുമ്പോൾ ഖജനാവിൽ 6,000 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് മുൻ ധനമന്ത്രി പറഞ്ഞതും രഹസ്യ വിവരമല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചതിന് മറുപടിയായാണ് കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം.
ഓരോ സാമ്പത്തിക വർഷവും മാർച്ച് 31-ന് അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകൾ, അന്തിമ സാമ്പത്തിക സ്ഥിതി, ക്യാഷ് ബാലൻസ് തുടങ്ങിയ വിവരങ്ങൾ ധനമന്ത്രിമാർ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട വിവരങ്ങളാണിവയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ധനവകുപ്പിന്റെ രഹസ്യ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ ഇടപാടുകൾ, രഹസ്യ സാമ്പത്തിക രേഖകൾ, റിപ്പോർട്ടുകൾ, ദൈനംദിന വരവ്-ചെലവ് വിവരങ്ങൾ, ഭാവി വരുമാന-ചെലവ് കണക്കുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത്തരം നടപടി രാജ്യത്ത് മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ തങ്ങൾ ചൂണ്ടിക്കാട്ടിയത് ഈ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിച്ച പിഴവ് അംഗീകരിക്കുന്നതിന് പകരം അതിനെ തുടർച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ആരോപിച്ച കെ.എൻ. ബാലഗോപാൽ, വിഷയത്തിന്റെ ഗൗരവം മനസിലാക്കി മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.















