
പട്ടായ: എട്ട് മാസത്തിലധികം നീണ്ട സമുദ്രവാസത്തിനൊടുവിൽ യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’ തായ്ലൻഡിലെത്തി. മിഡിൽ ഈസ്റ്റിലെ ദീർഘകാല ഡ്യൂട്ടിക്ക് ശേഷമുള്ള കപ്പലിന്റെ ആദ്യ തുറമുഖ സന്ദർശനമാണിത്. നീണ്ട കടൽയാത്ര കാരണം കപ്പലിന്റെ പുറംചട്ടകളിൽ തുരുമ്പ് പിടിച്ചിട്ടുണ്ട്. വിയറ്റ്നാം യുദ്ധകാലം മുതൽ യുഎസ് സൈനികരുടെ വിശ്രമ കേന്ദ്രങ്ങളിലൊന്നായ പട്ടായ നഗരത്തിന് സമീപമുള്ള ലേം ചബാംഗ് തുറമുഖത്താണ് കപ്പൽ അടുപ്പിച്ചത്.
കഴിഞ്ഞ നവംബറിൽ സാൻ ഡെഗോയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഈ വർഷാവവസാനം തെക്കൻ കലിഫോർണിയയിൽ തിരിച്ചെത്തുമ്പോൾ, യുഎസ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിന്യാസങ്ങളിൽ ഒന്നായി അത് മാറും. ചരിത്രപ്രധാനമായ ഈ യാത്രയിൽ തായ്ലൻഡിനെ ആദ്യ തുറമുഖ സന്ദർശനമായി തിരഞ്ഞെടുക്കുന്നതിൽ എല്ലാവരും വളരെ ആവേശത്തിലാണെന്ന് കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഡാൻ കീലർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധത്തിൽ യുദ്ധക്കപ്പലുകൾ കടലിൽ തുടർച്ചയായി തങ്ങിനിൽക്കുന്നതിൽ കപ്പൽ പുതിയ റെക്കോർഡ് സ്ഥാപിച്ചതായി യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ പറഞ്ഞു. എന്നാൽ ദീർഘനാടത്തെ ഈ വിന്യാസം കപ്പലിലെ 5,000ത്തോളം വരുന്ന ജീവനക്കാർക്കിടയിൽ വിതരണക്കുറവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. ക്രൂ അംഗങ്ങൾക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. വിന്യസ കാലാവധി വർദ്ധിച്ചുവരുന്നതിലുള്ള ഗൗരവമായ ആശങ്ക അറിയിച്ചും കപ്പലിലെ ജീവനക്കാരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചും സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനും നേവിയുടെ ആക്ടിംഗ് സെക്രട്ടറിക്കും കത്ത അയച്ചിരുന്നു.















