നവകേരള യാത്രക്കിടെ പിണറായിക്ക് വേണ്ടിയുള്ള ‘രക്ഷാപ്രവർത്തനം’, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആശ്വാസം, ഗൺമാൻമാരടക്കം 5 പ്രതികൾക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ജീവനക്കാർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്., സുരക്ഷാ ഉദ്യോഗസ്ഥരായ വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഈ കോടതി ഉത്തരവിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അത് ഒരു ‘രക്ഷാപ്രവർത്തനം’ ആണെന്നുമാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ ന്യായീകരിച്ചത്.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതൃത്വം വലിയ രീതിയിലുള്ള പ്രതിഷേധമുയർത്തിയിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് വിമുഖത കാണിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികൾക്ക് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്.

Alappuzha Nava Kerala Sadas Assault Case: Anticipatory Bail Granted to Former CM’s Gunmen and Security Officers

More Stories from this section

family-dental
witywide