ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’, എസ്ഐടി വിശദ റിപ്പോർട്ടിൽ പേരുണ്ടായാൽ എഡിജിപി അജിത്കുമാറിനെതിരെ നടപടി ഉറപ്പെന്ന് ചെന്നിത്തല

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിലെ വകുപ്പുതല നടപടികൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെയും ഡി.ജി.പിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എന്നാൽ, ഈ പ്രാഥമിക റിപ്പോർട്ടിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ പരാമർശങ്ങളൊന്നുമില്ലെന്നും വരാനിരിക്കുന്ന വിശദമായ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച ആലപ്പുഴ മർദ്ദനക്കേസിലെ ആദ്യ കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ളവർ മർദ്ദിച്ചതായി ആലപ്പുഴ സൗത്ത് ഇൻസ്പെക്ടർ തയ്യാറാക്കിയ യഥാർത്ഥ കേസ് ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാൻ വേണ്ടി കേസ് ഡയറി അട്ടിമറിച്ചെന്നും, തിരുത്തുന്നതിന് തൊട്ടുമുമ്പ് യഥാർത്ഥ ഡയറി പെൻഡ്രൈവിലാക്കി എ.ഡി.ജി.പിയുടെ ഓഫീസിൽ എത്തിച്ചിരുന്നതായും ആദ്യ അന്വേഷണ സംഘം എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കേസ് ഡയറി തിരുത്തലിൽ എ.ഡി.ജി.പിയുടെ പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം വിപുലീകരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കേസ് ആദ്യം അന്വേഷിച്ച ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ.ഡി.ജി.പി. ഓഫീസിലെ ജീവനക്കാരുടെയും മൊഴികൾ എസ്.ഐ.ടി. ഉടൻ രേഖപ്പെടുത്തും. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടൽ നടന്നെന്ന മാധ്യമ റിപ്പോർട്ടുകൾ കൂടിയായതോടെ ഈ ഉദ്യോഗസ്ഥരുടെ മൊഴികൾ കേസിൽ നിർണായകമായി മാറും.

No Mention of ADGP MR Ajith Kumar in Initial Report on Gunmen Attack Case, Says Ramesh Chennithala

Also Read

More Stories from this section

family-dental
witywide