കാവിയണിഞ്ഞ് ഹോക്കി ഇന്ത്യയുടെ ജേഴ്സി: നീല ജേഴ്സി ഗ്രൗണ്ടിൽ കാഴ്ചമറയ്ക്കുന്നുവെന്ന് ഫെഡറേഷൻ, വിവാദം

ന്യൂഡൽഹി: വരാനിരിക്കുന്ന 2026 എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കാവി നിറത്തിലുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദം. ഇന്ത്യൻ ഹോക്കിയുടെ പരമ്പരാഗത നിറമായ നീല മാറ്റി കാവി ജേഴ്സി കൊണ്ടുവന്നതിനെതിരെ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയതോടെ, തീരുമാനത്തെ ന്യായീകരിച്ച് ഹോക്കി ഇന്ത്യ പ്രസ്താവന പുറത്തിറക്കി.

ദേശീയ ടീമിൻ്റെ ചരിത്രവും അടയാളവും എപ്പോഴും നീല ജേഴ്സിയുമായി ബന്ധപ്പെട്ടതാണെന്നും, പരമ്പരാഗത നിറം മാറ്റിയത് തികച്ചും “ലജ്ജാകരം” ആണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരേൻ റസ്ക്വിൻഹ വിമർശിച്ചു. സോഷ്യൽ മീഡിയയിലും ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

വിമർശനങ്ങൾ ശക്തമായതോടെ, ജേഴ്സി മാറ്റം വെറും ഭംഗിക്ക് വേണ്ടിയല്ലെന്നും കൃത്യമായ സാങ്കേതിക കാരണങ്ങളാലാണെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. നിലവിൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്നത് നീല നിറത്തിലുള്ള സിന്തറ്റിക് ടർഫുകളിലാണ് (പിച്ചുകൾ). കളിക്കാർ നീല ജേഴ്സി ധരിക്കുമ്പോൾ അത് ഗ്രൗണ്ടിൻ്റെ നിറവുമായി കലരുകയും, കളിക്കളത്തിൽ പന്തും സഹതാരങ്ങളെയും വ്യക്തമായി കാണുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നതായി കളിക്കാരും പരിശീലകരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കാഴ്ചാ പരിമിതി മറികടക്കാനാണ് മാറ്റമെന്ന് ഫെഡറേഷൻ അറിയിച്ചു.

കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിൻ്റെയും നിർദ്ദേശപ്രകാരം മഞ്ഞ, കാവി നിറങ്ങളാണ് പകരമായി ആലോചിച്ചിരുന്നത്. ഇതിൽ ദേശീയ പതാകയിലെ ധീരതയുടെയും ത്യാഗത്തിൻ്റെയും പ്രതീകമായ കാവി നിറം അന്തിമമായി തിരഞ്ഞെടുക്കുകയായിരുന്നു. ജേഴ്സി നിറം മാറ്റുന്നത് ഇതാദ്യമല്ലെന്നും, 2014 ലോകകപ്പിൽ ഇന്ത്യ മഞ്ഞ ജേഴ്സി ധരിച്ചും 2018-ൽ ആകാശ നീല ജേഴ്സി അണിഞ്ഞും കളിച്ചിട്ടുണ്ടെന്നും ഹോക്കി ഇന്ത്യ ഓർമ്മിപ്പിച്ചു.

ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിൻ്റെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ വിവാദം പുകയുന്നത്. 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് രണ്ടാമതൊരു ലോകകപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംഘം ടൂർണമെൻ്റിന് ഇറങ്ങുന്നത്.

Hockey India’s jersey in saffron: Federation says blue jersey is distracting on the ground, controversy

More Stories from this section

family-dental
witywide