
ബ്രസ്സൽസ്: ഇറാൻ വിഷയത്തിൽ തങ്ങളെ പിന്തുണയ്ക്കാത്ത സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന അമേരിക്കൻ ഭീഷണിക്ക് മറുപടിയുമായി നാറ്റോ. അംഗരാജ്യങ്ങളെ സഖ്യത്തിൽ നിന്ന് പുറത്താക്കാനോ സസ്പെൻഡ് ചെയ്യാനോ നാറ്റോയുടെ സ്ഥാപക ഉടമ്പടിയിൽ വ്യവസ്ഥയില്ലെന്ന് നാറ്റോ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇപ്പോൾ പരസ്യമായ വാക്പോരിലേക്ക് നീങ്ങുന്നത്. സ്പെയിൻ തങ്ങളുടെ വ്യോമതാവളങ്ങൾ യുദ്ധത്തിനായി വിട്ടുനൽകാൻ വിസമ്മതിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ സ്പെയിനിനെതിരെ നടപടിയെടുക്കുമെന്ന് പെൻ്റഗണിൻ്റെ ആഭ്യന്തര ഇമെയിലുകൾ ചോർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
തങ്ങളെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ ശിക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പെൻ്റഗണിലെ ആഭ്യന്തര ഇമെയിലിൽ സൂചിപ്പിച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ അറ്റ്‌ലാൻ്റിക് സമുദ്രത്തിലെ ഫാക്‌ലാൻഡ് ദ്വീപുകളുടെ മേലുള്ള ബ്രിട്ടൻ്റെ അവകാശവാദത്തിലുള്ള യുഎസ് നിലപാട് പുനഃപരിശോധിക്കണമെന്നും ഈ ഇമെയിലിൽ നിർദ്ദേശമുണ്ട്. അർജൻ്റീനയും ഈ ദ്വീപുകൾക്കായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
നാറ്റോയുടെ സ്ഥാപക ഉടമ്പടിയിൽ അംഗത്വം സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ ഉള്ള ഒരു വ്യവസ്ഥയും മുന്നോട്ട് വെക്കുന്നില്ലെന്ന് നാറ്റോ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ഭരണാധികാരിയും ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞു. അമേരിക്കൻ സഖ്യകക്ഷികൾക്ക് വേണ്ടി യുഎസ് ചെയ്ത കാര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, “അവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല” എന്ന് പെൻ്റഗൺ പ്രസ് സെക്രട്ടറി കിംഗ്സ്ലി വിൽസൺ ബിബിസിയോട് പറഞ്ഞു. സഖ്യകക്ഷികൾ വെറും ‘കടലാസ് പുലികൾ’ (Paper tigers) ആകാതെ അവരുടെ ഭാഗം കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രസിഡൻ്റിന് വിശ്വസനീയമായ ഓപ്ഷനുകൾ പ്രതിരോധ വകുപ്പ് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതിന് പിന്നാലെ, സഖ്യകക്ഷികൾ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നൽകിയിട്ടില്ല. റോട്ട, മോറോൺ എന്നിവിടങ്ങളിൽ യുഎസിന് സ്പെയിനിൽ സൈനിക താവളങ്ങളുണ്ട്. എന്നാൽ തങ്ങൾ ഇമെയിലുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സഖ്യകക്ഷികളുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുദ്ധത്തിലോ ഇറാൻ്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിലോ കൂടുതൽ ഇടപെടുന്നത് ബ്രിട്ടൻ്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ യുകെ അനുമതി നൽകിയിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങൾ വാചകമടി കുറച്ച് കപ്പലുകൾ അയച്ച് സഹായിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. “യൂറോപ്പും ഏഷ്യയും പതിറ്റാണ്ടുകളായി ഞങ്ങളുടെ സംരക്ഷണം ആസ്വദിക്കുന്നു, എന്നാൽ സൗജന്യ സവാരിയുടെ കാലം കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. നാറ്റോ ഒരു വൺ-വേ ട്രാക്കാണെന്നും തങ്ങൾ എല്ലാവരെയും സംരക്ഷിക്കുന്നുണ്ടെങ്കിലും ആരും തങ്ങളെ സഹായിക്കുന്നില്ലെന്നും ട്രംപ് കഴിഞ്ഞ മാസം കുറിച്ചിരുന്നു.
“Allies cannot be expelled”; NATO blocks US move against Spain















