
കർണാടകയിൽ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയെ തൊട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സുർജെവാലയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡി.കെ. ശിവകുമാറിനൊപ്പം ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും മറ്റ് 11 മന്ത്രിമാരും ഇന്ന് അധികാരമേറ്റു. മലയാളി സാന്നിധ്യമായി കെ.ജെ. ജോർജും യു.ടി. ഖാദറും മന്ത്രിസഭയിലെത്തിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖർഗെ, എം.ബി. പാട്ടീൽ എന്നിവർക്ക് പുറമെ ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരും ഡൽഹിയിൽ നിന്ന് അംഗീകാരം ലഭിച്ച പുതിയ മന്ത്രിമാരുടെ പട്ടികയിലുണ്ട്.
അതേസമയം, ശബ്ദരേഖാ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിനെ ഇത്തവണ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി. ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനും മലയാളിയുമായ എൻ.എ. ഹാരിസിന്റെ പേരും പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.
DK Shivakumar Takes Oath as Karnataka Chief Minister Along with 11 Ministers















