മോടി പിടിപ്പിച്ച് മോഡി; കേന്ദ്രമന്ത്രിമാരുടെ ഡൽഹിയിലെ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ചെലവായത് 92.35 കോടി, 2014നെ അപേക്ഷിച്ച് മൂന്നിരട്ടി

ന്യൂഡൽഹി: ഡൽഹിയിലെ ല്യൂട്ടൻസ് ബംഗ്ലാവുകളുടെ പരിപാലനച്ചെലവ് കുത്തനെ ഉയരുന്നു. കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണി, നവീകരണം, ഫർണിഷിങ് എന്നിവയ്ക്കായി 2025-26ൽ 92.35 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. 2014-15ൽ ഇതേ ആവശ്യങ്ങൾക്കായി ചെലവഴിച്ച 27.47 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ചെലവ് മൂന്നിരട്ടിയിലധികമാണ്.

വിവരാവകാശ നിയമപ്രകാരം പി.ടി.ഐക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2014-15 മുതൽ 2025-26 വരെയുള്ള 12 വർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി 547.68 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് (CPWD) ജോലികൾ നിർവഹിക്കുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക ചെലവാണ് 2025-26ൽ രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പണപ്പെരുപ്പത്തിനൊപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ തേയ്മാനവും ചെലവ് വർധിക്കാൻ കാരണമായി. ചോർച്ച, ചിതൽശല്യം, പഴകിയ വൈദ്യുത സംവിധാനങ്ങൾ, പ്ലംബിങ് പ്രശ്നങ്ങൾ തുടങ്ങിയവയാണ് ബംഗ്ലാവുകളിൽ പതിവായി നേരിടുന്ന അറ്റകുറ്റപ്പണി ആവശ്യങ്ങൾ. ബ്രിട്ടീഷ് ഭരണകാലത്ത് ന്യൂഡൽഹിയെ തലസ്ഥാനമായി വികസിപ്പിച്ചതിന്റെ ഭാഗമായാണ് ഈ ബംഗ്ലാവ് മേഖല രൂപീകരിച്ചത്. 1912നും 1930നും ഇടയിലാണ് പ്രദേശം വികസിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം കേന്ദ്രമന്ത്രിമാർ, എംപിമാർ, മുതിർന്ന ജഡ്ജിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇവ അനുവദിച്ചു.

വർഷം തിരിച്ചുള്ള ചെലവ്:

* 2014-15 — 27.47 കോടി രൂപ

* 2015-16 — 29.57 കോടി രൂപ

* 2016-17 — 30.10 കോടി രൂപ

* 2017-18 — 23.34 കോടി രൂപ

* 2018-19 — 23.42 കോടി രൂപ

* 2019-20 — 26.37 കോടി രൂപ

* 2020-21 — 53.87 കോടി രൂപ

* 2021-22 — 40.84 കോടി രൂപ

* 2022-23 — 73.86 കോടി രൂപ

* 2023-24 — 54.52 കോടി രൂപ

* 2024-25 — 71.98 കോടി രൂപ

* 2025-26 — 92.35 കോടി രൂപ

കേന്ദ്ര മന്ത്രിസഭയിൽ സാധാരണയായി 70 മുതൽ 72 വരെ മന്ത്രിമാരാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ചെലവ് കണക്കിലെടുക്കുമ്പോൾ ഒരു മന്ത്രിയുടെ വസതിക്ക് ശരാശരി 1.2 കോടി രൂപ ചെലവായതായി കണക്കാക്കാം. എന്നാൽ ഓരോ വസതിയുടെയും ചെലവ് വ്യത്യസ്തമാണ്. അതേസമയം, മന്ത്രിമാരല്ലാത്ത ലോക്‌സഭ, രാജ്യസഭ എംപിമാരുടെ വസതികൾക്കും കേന്ദ്രമന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും ഓഫീസുകൾക്കുമായി ഇതേ കാലയളവിൽ ചെലവഴിച്ച തുകയുടെ വിവരങ്ങൾ CPWD നൽകിയിട്ടില്ല.

2004 മുതൽ 2009 വരെയുള്ള അഞ്ച് വർഷത്തിനിടെ എംപിമാർക്കും കേന്ദ്രമന്ത്രിമാർക്കും അനുവദിച്ച ബംഗ്ലാവുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി സർക്കാർ 93.50 കോടി രൂപ ചെലവഴിച്ചതായും 2009ലെ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

An RTI query revealed that ₹92.35 crore was spent on repairing, renovating, and furnishing Union Ministers’ official residences in Delhi’s Lutyens’ zone for 2025–26. This amount is more than three times the ₹27.47 crore spent during 2014–15

More Stories from this section

family-dental
witywide