
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾക്കും അതിനുശേഷമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് അനുഭവത്തിനുമെതിരെ കടുത്ത വിമർശനവുമായി യു.എസ് ആർക്കിടെക്റ്റ്. കാലിഫോർണിയയിൽ നിന്നുള്ള ആർക്കിടെക്റ്റും ഇന്ത്യയിലെ സ്ഥിരം സന്ദർശകനുമായ ഡാമൺ സുംബ്രോഗൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
WELCOME TO INDIA? This is how one enters India in Delhi. The welcome to all visitors……..
— Damon Zumbroegel (@DamonZumbroegel) August 23, 2026
Immigration…..then…..”BUY BUY BUY BUY BUY!”.
Not even 5 feet from immigration.
This is a real video of immigration in Delhi. pic.twitter.com/VHYuYZ45YE
ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന കടുത്ത ഇമിഗ്രേഷൻ നടപടികളെയും, അതിനു തൊട്ടുപിന്നാലെയുള്ള അമിത വാണിജ്യവൽക്കരണത്തെയുമാണ് അദ്ദേഹം തൻ്റെ വീഡിയോയിലൂടെ വിമർശിച്ചത്. “ഇന്ത്യയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എപ്പോഴും വളരെ കർക്കശക്കാരാണ്. ഇമിഗ്രേഷൻ കഴിഞ്ഞ് അഞ്ച് അടി തികച്ചും നടക്കുന്നതിന് മുൻപ് തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന തരത്തിലുള്ള ഡ്യൂട്ടി ഫ്രീ കടകളിലേക്കാണ് യാത്രക്കാർ എത്തുന്നത്,” സുംബ്രോഗൽ വീഡിയോയിൽ പറയുന്നു. ‘ഇതാണോ ഇന്ത്യയിലേക്കുള്ള സ്വാഗതം?’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ട്വിറ്ററിൽ ഏറ്റെടുത്ത് ഹർഷ് ഗോയങ്ക
പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക ഈ വീഡിയോ പങ്കുവെച്ചതോടെയാണ് ചർച്ചകൾ കൂടുതൽ ഗൗരവസ്വഭാവം കൈവരിച്ചത്. “നമ്മുടെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സെയിൽസ് പ്രതിനിധികൾ യാത്രക്കാരെ വളയുകയും ഉൽപ്പന്നങ്ങൾ വാങ്ങാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്യാറുണ്ട്. ഇതിലും മികച്ച രീതിയിൽ നമുക്ക് കാര്യങ്ങൾ ചെയ്യാനാകും. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് മാന്യവും ബുദ്ധിമുട്ടുകളില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കണം,” ഗോയങ്ക എക്സിൽ (ട്വിറ്റർ) കുറിച്ചു. സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്.
സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷന് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉണ്ടാകുന്നത് സാധാരണമാണെന്നും ഇത് ഡൽഹിയിൽ മാത്രമല്ലെന്നും പലരും ചൂണ്ടിക്കാട്ടി.
എന്നാൽ, താൻ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ആറ് രാജ്യങ്ങൾ സന്ദർശിച്ചതായും, കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ വരുന്നയാളാണെന്നും വ്യക്തമാക്കിയ സുംബ്രോഗൽ, ഡൽഹിയിലേതുപോലെ അത്രയും മോശം അനുഭവം മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് മറുപടി നൽകി. വിമാനത്താവളങ്ങളിലെ വാണിജ്യ താൽപ്പര്യങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും തമ്മിൽ എങ്ങനെ സന്തുലിതമായി കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
Only commercial eyes on landing at Delhi airport! US architect’s video goes viral; Social media turns to ‘duty free’ scam













