ന്യൂയോർക്ക്: ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഏകദേശം 60,000 പേർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള പാക്കേജ് വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ്. നിർമിതബുദ്ധി (എഐ) അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വൻ നിക്ഷേപങ്ങൾക്കൊപ്പം ചെലവ് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. അമേരിക്ക, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ യോഗ്യരായ ജീവനക്കാർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കമ്പനിയിലെ 70-ാം ലെവലോ അതിൽ താഴെയോ ഉള്ള ജീവനക്കാരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൈക്രോസോഫ്റ്റിലെ ആകെ 2,23,000 ജീവനക്കാരിൽ ഏകദേശം 60,000 പേർക്ക് പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ആകെ ജീവനക്കാരുടെ 27 ശതമാനത്തോളം വരുമിത്. മാറ്റങ്ങളോടുള്ള ഞങ്ങളുടെ സമീപനം പരിഷ്കരിക്കുന്നതിന്റെ ഭാഗമാണ് സ്വമേധയാ പിരിഞ്ഞുപോകാനുള്ള ഈ പദ്ധതിയെന്നും ജീവനക്കാർക്ക് കൂടുതൽ വഴക്കവും അവരുടെ ഭാവി തീരുമാനിക്കുന്നതിന് കൂടുതൽ അവസരങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്നും മൈക്രോസോഫ്റ്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോൾമാൻ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറഞ്ഞു. ഈ വർഷം ആദ്യം നടപ്പാക്കിയ സ്വമേധയാ വിരമിക്കൽ പദ്ധതിയിൽനിന്ന് ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും അവർ വ്യക്തമാക്കി.
നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കി ജീവനക്കാരുടെ എണ്ണം ക്രമീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി വൻതുക നിക്ഷേപിക്കുകയും ഈ വർഷം ആദ്യം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്വമേധയാ പിരിഞ്ഞുപോകാൻ അവസരം നൽകുന്നത്. ഇതിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനാകുമോയെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഏപ്രിലിൽ അമേരിക്കയിലെ ജീവനക്കാരിൽ ഏകദേശം ഏഴ് ശതമാനത്തിന് അർഹതയുള്ള ആദ്യ സ്വമേധയാ വിരമിക്കൽ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജൂലൈയിൽ 4,800 ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവും പുറത്തുവിട്ടു.
മൈക്രോസോഫ്റ്റിന്റെ പ്രധാന ക്ലൗഡ് സേവന എതിരാളികളായ ആൽഫബെറ്റും ആമസോണും രണ്ടാം പാദത്തിൽ നെഗറ്റീവ് സ്വതന്ത്ര പണമൊഴുക്ക് രേഖപ്പെടുത്തിയപ്പോൾ, മൈക്രോസോഫ്റ്റ് 19.64 ബില്യൺ ഡോളറിന്റെ പോസിറ്റീവ് സ്വതന്ത്ര പണമൊഴുക്ക് രേഖപ്പെടുത്തി. എന്നാൽ, മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 23 ശതമാനം കുറവാണ് എന്നാണ് റിപ്പോർട്ടുകൾ.
Microsoft offers voluntary buyouts to around 60,000 employees: Report









