
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളിലൊന്നായിരുന്ന സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കി മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാനുള്ള പുതിയ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ റെയില്‍ വിരുദ്ധ സമരസമിതി. “പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്” എന്നായിരുന്നു ചെങ്ങന്നൂരിലെ സമരസമിതി നേതാവ് സിന്ധു ജെയിംസ് പ്രതികരിച്ചത്. പദ്ധതിക്കെതിരായ സമരത്തിനിടെ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്നും, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മന്ത്രിയുടെ അനുയായികള്‍ വീട്ടുമുറ്റത്ത് ഗുണ്ട് പൊട്ടിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
“നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങള്‍” എന്ന മുദ്രാവാക്യം മുഴക്കിയാണ് സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ചത്. പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തില്‍ മാടപ്പള്ളിയിലെ സമരസമിതി പ്രവര്‍ത്തകരും സന്തോഷം പ്രകടിപ്പിച്ചു. “കെ റെയില്‍ വരും കേട്ടോ” എന്ന പ്രഖ്യാപനം തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകളഞ്ഞിരുന്നുവെന്ന് മാടപ്പള്ളിയിലെ റോസ്‍ലിന്‍ ഫിലിപ്പ് പറഞ്ഞു.
മാടപ്പള്ളിയിലെ സമരത്തിനിടെ പൊലിസ് റോസ്‍ലിനെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍, “അമ്മയെ കൊണ്ടുപോകരുത്” എന്ന് മകള്‍ കരഞ്ഞ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും, പദ്ധതിക്കെതിരെ കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും പലതവണ സമരയാത്ര നടത്തിയിരുന്നുവെന്നും മറ്റൊരു വയോധിക സമരസമിതി അംഗവും പറഞ്ഞു.
കോട്ടയത്തെ മാടപ്പള്ളി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, മലപ്പുറത്തെ തിരുനാവായ എന്നിവിടങ്ങളില്‍ മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. മുഖ്യമന്ത്രി വി ഡി സതീശന്‍ സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ സമരസമിതി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും, സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവയുടെ സ്വഭാവം പരിഗണിച്ച് പിന്‍വലിക്കാന്‍ കോടതിയില്‍ ശുപാര്‍ശ നല്‍കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.













