
കാലാവർഷക്കെടുതിയിൽ പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ പരിഹാരം കാണാൻ സർക്കാരിന് സാധിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നീണ്ടുപോകുകയാണെന്നും പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്നും തകർന്ന റോഡുകൾ ശരിയാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.എസ്.എ. (ESA) വിഷയം മലയോര മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത് അവസാനിപ്പിക്കണം. സമരത്തിന് പോകാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. സർക്കാരുകൾ മാറിയത് കൊണ്ട് പ്രശ്നം തീരില്ലെന്നും വിഷയം പഠിച്ച റിപ്പോർട്ട് കേന്ദ്രത്തിന് നൽകി സത്യം ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം മുൻകൈ എടുക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി.
മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ചും അദ്ദേഹം പരാമർശം നടത്തി. എല്ലാ സർക്കാരിലെ മന്ത്രിമാരും വിദേശയാത്ര നടത്താറുള്ളതാണെന്നും അതിലല്ല, ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ കാണുന്നില്ലെന്നതിലാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭ ഭരണത്തിലെ വീഴ്ചകൾ ജനങ്ങൾ കാണുന്നുണ്ടെന്നും അത്തരം വീഴ്ചകൾ സ്വയം തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
Archbishop Mar Joseph Pamplany Criticizes Govt Over Monsoon Relief Delays and ESA Issue











