
മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന ഔദ്യോഗിക പാസിങ് ഔട്ട് പരേഡിനിടെ യുവ സൈനികൻ പ്രതിശ്രുത വധുവിന് മോതിരം കൈമാറി നടത്തിയ പ്രണയാഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായതിന് പിന്നാലെ വിവാദമാകുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങിയ പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജിന്റെ നടപടി ഔദ്യോഗിക സൈനിക ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കരസേനാ വൃത്തങ്ങൾ വിലയിരുത്തുന്നത്. അതീവ സുരക്ഷയുള്ള പ്രതിരോധ പരിശീലന കേന്ദ്രത്തിലെ റൺവേയിൽ ഔദ്യോഗിക യൂണിഫോം ധരിച്ച്, മുട്ടുകുത്തി നിന്ന് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ അദ്ദേഹം കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.
ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ ഇരുവരും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ആശംസകൾ ഉയർന്നുവന്നെങ്കിലും പ്രതിരോധ കേന്ദ്രത്തിനുള്ളിൽ വച്ച് ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കാനും അത് പ്രചരിപ്പിക്കാനും അനുവാദമുണ്ടോ എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത്. കരസേനയുടെ പ്രോട്ടോക്കോൾ ലംഘിച്ച സംഭവത്തിൽ യുവ ക്യാപ്റ്റനിൽ നിന്നും സൈന്യം ഔദ്യോഗികമായി വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. അതേസമയം ഈ വിഷയത്തിൽ ക്യാപ്റ്റൻ ഭരത് ഭരദ്വാജിന് പൂർണ്ണ പിന്തുണയുമായി വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ യാതൊരുവിധ അച്ചടക്ക ലംഘനവും കാണാൻ സാധിക്കുന്നില്ലെന്ന് വിരമിച്ച ലഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ അഭിപ്രായപ്പെട്ടു.
രാജ്യസുരക്ഷാ വിഷയങ്ങളെ ഇത്തരം മനോഹരവും വൈകാരികവുമായ നിമിഷങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും വിരമിച്ച മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധല്ലിണും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ യുവ സൈനികന് വലിയ തോതിലുള്ള ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ക്യാപ്റ്റനെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും, സൈനിക പ്രോട്ടോക്കോൾ മുൻനിർത്തി കരസേന വരുംദിവസങ്ങളിൽ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാകും.
Army pilot’s viral proposal at Nashik parade sparks protocol row, veteran officers back young captain














