ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകൾ അനുവദിക്കാനുള്ള ചട്ടഭേദഗതി മാറ്റിവച്ചു; പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: ഒരു ഐടി പാർക്കിൽ ഒന്നിലധികം മദ്യശാലകൾ അനുവദിക്കണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവച്ചു. പുതിയ മദ്യനയം രൂപീകരിച്ചതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന് എക്സൈസ് മന്ത്രി ആവശ്യപ്പെടുകയും, മുഖ്യമന്ത്രി ഇത് അംഗീകരിക്കുകയുമായിരുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഈ ചട്ടഭേദഗതി നിർദ്ദേശത്തെ ഭരണ-പ്രതിപക്ഷ എംഎൽഎമാർ ഒരുപോലെ എതിർത്തതോടെയാണ് നടപടി.

മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഐടി പാർക്കുകളിൽ മദ്യശാലകൾ വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ആദ്യം പാർക്ക് ഡെവലപ്പർക്ക് മാത്രം ലൈസൻസ് അനുവദിക്കാനായിരുന്നു ചട്ടം. എന്നാൽ, ബാർ നടത്തിപ്പിലുള്ള പരിചയക്കുറവും മറ്റ് നിക്ഷേപകർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടും കാരണം ഒരു പാർക്കിന്റെയും സിഇഒമാർ ലൈസൻസിനായി അപേക്ഷിച്ചില്ല. തുടർന്ന് കോ-ഡെവലപ്പർമാർക്കും ശുപാർശ ചെയ്യുന്ന കമ്പനികൾക്കും കൂടി ലൈസൻസ് നൽകാമെന്ന ഭേദഗതി മുൻ സർക്കാർ കൊണ്ടുവരികയും, ഇത് ധനകാര്യ സബ്ജക്ട് കമ്മിറ്റിയിൽ അവതരിപ്പിക്കുകയുമായിരുന്നു.

അതേസമയം, കരട് മദ്യനയം പരിശോധിക്കുന്നതിനുള്ള യുഡിഎഫ് ഉപസമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. കോൺഗ്രസാണ് സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കേണ്ടത്. ഫോർ സ്റ്റാർ പദവിക്ക് മുകളിലുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിച്ചാൽ മതിയെന്ന കരടിലെ നിർദ്ദേശവും, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയും ഉത്തരവാദിയാകുമെന്ന ശുപാർശയും ഈ ഉപസമിതി പരിശോധിക്കും.

Assembly Subject Committee Defers Rule Amendment Allowing Multiple Pubs in IT Parks; Decision After New Liquor Policy