ഐഡി ഇല്ലെങ്കിൽ നോ എൻട്രി, മദ്യം കിട്ടില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാൻ സർക്കാർ

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ എത്തുന്നവർക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാൻ ആലോചിക്കുന്നു. സംസ്ഥാനത്ത് നിലവിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാണ്. എന്നാൽ ഈ പ്രായപരിധി നിയന്ത്രണം പലപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടികൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കർണാടക മോഡലിൽ ‘നോ ഐഡി-നോ എൻട്രി’ എന്ന നിബന്ധനയാണ് സംസ്ഥാനത്തും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ ജീവനക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ ഔദ്യോഗിക തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം. രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് മദ്യം നൽകില്ല. വിശദമായ ചർച്ചകൾക്ക് ശേഷം ഈ വിഷയത്തിൽ സർക്കാർ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്ത് മുൻപ് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 21 വയസായും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 23 വയസായും ഉയർത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് പ്രായോഗിക തലത്തിൽ കർശനമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിബന്ധനകളിലൂടെ പ്രായപരിധി നിയന്ത്രണം പൂർണ്ണമായി നടപ്പിലാക്കാൻ എക്സൈസ് വകുപ്പ് ഒരുങ്ങുന്നത്.

Govt to strictly enforce age limit for purchasing liquor in Kerala

More Stories from this section

family-dental
witywide