യുഎസ്എസ് മാസൺ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാൻ തുറമുഖങ്ങളിൽ മിന്നൽ പ്രഹരവുമായി അമേരിക്ക, സംഘർഷം കടുക്കുന്നു

വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. ‘സ്വയം പ്രതിരോധ’ത്തിൻ്റെ ഭാഗമായി ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിനോട് ചേർന്നു കിടക്കുന്ന രണ്ട് ഇറാനിയൻ തുറമുഖങ്ങളിൽ വ്യാഴാഴ്ച അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇറാനിലെ ബന്ദർ അബ്ബാസ്, ഖെഷ്ം എന്നീ തുറമുഖങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടിയെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ നടന്ന ഈ ആക്രമണത്തെക്കുറിച്ച് ഫോക്സ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ട്രക്സ്റ്റൺ, യുഎസ്എസ് മാസൺ, യുഎസ്എസ് റാഫേൽ പെരാൾട്ട എന്നീ മൂന്ന് ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് സൈന്യം പറയുന്നു. ചെറിയ ബോട്ടുകൾ ഉപയോഗിച്ചും കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ അമേരിക്കൻ കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

കപ്പലുകൾക്ക് നേരെയുള്ള നീക്കത്തെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ അമേരിക്ക പ്രത്യാക്രമണം ആരംഭിച്ചു. ഇറാൻ്റെ ഡ്രോൺ-മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മറ്റ് സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് സ്വയം പ്രതിരോധ’ത്തിൻ്റെ ഭാഗമായി പ്രത്യാക്രമണം നടത്തിയത്. മേഖലയിലെ തങ്ങളുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്. നിലവിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾ തടയാൻ തങ്ങൾ സജ്ജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Attacks on ships including USS Mason; US escalates tensions with lightning strikes on Iranian launch sites

More Stories from this section

family-dental
witywide