കേരളത്തെ നടുക്കിയ ഭവാനി പുഴയിലെ ചാക്ക്, അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി ബംഗാളിൽ പിടിയിൽ; സ്വന്തം ഭാര്യയും മകളുമല്ലെന്ന് പ്രതിയുടെ മൊഴി

പാലക്കാട് അട്ടപ്പാടിയിൽ യുവതിയെയും നാല് വയസുള്ള പെൺകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പശ്ചിമബംഗാളിൽ പോലീസ് പിടിയിലായി. പ്രോവത് ദാസ് എന്ന പ്രതിയെ കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. അഗളി എസ്.ഐ എച്ച്. ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം കോയമ്പത്തൂരിൽ നിന്ന് വിമാന മാർഗമെത്തിയാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, കൊല്ലപ്പെട്ടത് തന്റെ ഭാര്യയോ കുഞ്ഞോ അല്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും നടത്തി.

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തല അറുത്തുമാറ്റിയ ശേഷം തല ഭാഗങ്ങൾ ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമായാണ് പുഴയിൽ ഉപേക്ഷിച്ചിരുന്നത്. ഒരു മാസം മുമ്പ് തോട്ടം തൊഴിലാളിയായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശി തന്റെ ഭാര്യയെയും കുഞ്ഞിനെയും വധിച്ചതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടക്കുകയായിരുന്നു.

എന്നാൽ, താൻ കൊലപ്പെടുത്തിയത് രണ്ടു മാസം മാത്രം പരിചയമുള്ള യുവതിയെയും അവരുടെ കുഞ്ഞിനെയുമാണെന്നാണ് പ്രതിയുടെ പുതിയ മൊഴി. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്തുന്നതിനുമായി പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

Attappadi Double Murder: Accused Arrested in West Bengal, Claims Victims Were Not His Wife and Child

More Stories from this section

family-dental
witywide