‘തിരക്കഥ കൊള്ളാം, പക്ഷെ മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കാമെന്ന് കരുതണ്ട’, തനിക്കും പിണറായിക്കും എതിരായ ഇഡി നീക്കത്തിന് മറുപടിയുമായി റിയാസ്

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി പിണറായി വിജയനും തനിക്കും അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യത്തോട് പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. ഏത് അന്വേഷണവും നടക്കട്ടെ എന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയുടെ നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ കൊള്ളാമെന്നു പരിഹസിച്ച റിയാസ്, വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അറിയിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിയായിരുന്ന റിയാസ്, ഭാര്യ വീണ തുടങ്ങിയവർക്കെതിരെ അഴിമതിക്ക് കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കാണ് ഇ.ഡി കത്തയച്ച് നിർദേശം നൽകിയിരിക്കുന്നത്.

തങ്ങൾക്ക് ഒരു തരത്തിലും ഭയപ്പെടാനില്ലെന്നും ഏതൊക്കെ തിരക്കഥവെച്ച് ഏത് ആംഗിളിൽ കൊണ്ടുപോയാലും നിരപരാധികൾ നിരപരാധികളായി തുടരുമെന്നും റിയാസ് പറഞ്ഞു. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി നടക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നല്ല ആത്മവിശ്വാസമുണ്ടെന്നും പേടിച്ചുപോയെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ലെന്ന് വ്യക്തമാക്കിയ റിയാസ്, കേസെടുക്കണമോ എന്ന് യു.ഡി.എഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും പ്രതികരിച്ചു.

അതേസമയം, ഇ.ഡിയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച കത്ത് പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

CMRL-Exalogic Issue: PA Mohamed Riyas Slams ED Action, Says Prepared to Face Any Probe

Also Read

More Stories from this section

family-dental
witywide