കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഇയാളുടെ ശിക്ഷ ഇപ്പോൾ ഹൈക്കോടതി ഒരു വർഷമായി ഉയർത്തിയിട്ടുണ്ട്.
Attappadi madhu murder case; 12 accused get life imprisonment; one accused gets one year in prison











