തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് നടപടി. സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം ഏഴു തവണ എംഎൽഎ ആയിട്ടുള്ള മുതിർന്ന നേതാവാണ്.
കഴിഞ്ഞ മാസം 20ന് തൂത്തുക്കുടിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു അനിത രാധാകൃഷ്ണൻ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ഉൾപ്പെടെയുള്ള വിവാദ പ്രസംഗം നടത്തിയത്. ഇതേത്തുടർന്ന് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെതിരെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അറസ്റ്റിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ രംഗത്തെത്തി. തമിഴ്‌നാട്ടിൽ ഇപ്പോൾ നടക്കുന്നത് ആക്ഷൻ സിനിമാ സ്റ്റൈൽ ഭരണമാണെന്നും പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അഹങ്കാരം വീഴ്ചയുടെ തുടക്കമാണെന്നും സ്റ്റാലിൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ചു.
DMK MLA and Former Minister Anita Radhakrishnan Arrested














