അയോധ്യ ക്ഷേത്രക്കൊള്ള: ചമ്പത് റായി ജയിലിലായേക്കുമെന്ന് വിനയ് കത്യാർ; പ്രതികൾ പണം കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ അന്വേഷണം മുറുകുന്നു. ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും വൈകാതെ ജയിലിലായേക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് വിനയ് കത്യാർ വെളിപ്പെടുത്തി. കേസിൽ പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്ത ചമ്പത് റായിക്ക് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രധാന ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെങ്കിലും, കാണിക്ക എണ്ണാൻ ആളുകളെ റിക്രൂട്ട് ചെയ്തതിൽ ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും നേരിട്ട് പങ്കുണ്ടെന്നും തട്ടിപ്പ് വിവരം ഇവർക്ക് അറിയാമായിരുന്നുവെന്നുമാണ് പിടിയിലായവരുടെ മൊഴി. ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അയോധ്യ ബാർ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, ഭണ്ഡാരത്തിൽ നിന്ന് പണം പുറത്തേക്ക് കടത്തുന്നതിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ പണം ആദ്യം ശുചിമുറിയിലേക്ക് മാറ്റിയ ശേഷം പലരിലായി പുറത്തേക്ക് എത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പണം കൊണ്ടുപോകുന്നത് ക്യാമറകളിൽ പതിയാതിരിക്കാൻ സിസിടിവികൾക്ക് മുന്നിൽ മനഃപൂർവം ആൾക്കൂട്ടത്തെ സൃഷ്ടിച്ചതായും 45 ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കാണിക്ക എണ്ണാനായി ട്രസ്റ്റ് നിയോഗിച്ച 50 പേരടങ്ങുന്ന സംഘത്തിലെ ചിലരാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്.

ക്ഷേത്രത്തിൽ നിന്ന് തട്ടിയ പണം ഉപയോഗിച്ച് നിർമ്മിച്ചതെന്ന് കരുതുന്ന പ്രതികളുടെ വീടുകൾ പൊളിച്ചുനീക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി പ്രതികളായ ലവ് കുശ് മിശ്ര, അനുകൽപ് മിശ്ര എന്നിവരുടെ വീടുകൾക്ക് അയോധ്യ വികസന സമിതി നോട്ടീസ് നൽകിയിട്ടുണ്ട്. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ താൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുമെന്ന സൂചനയാണ് വിനയ് കത്യാർ നൽകുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Ayodhya Temple Theft: Champat Rai Facing Imminent Arrest, Says BJP Leader Vinay Katiyar as CCTV Evidence Surfaces

More Stories from this section

family-dental
witywide