കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെ, വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ. വി.ഡി. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ അൽവയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? സതീശന്റെ പിആർ വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ? എന്നി ചോദ്യങ്ങളാണ് ബാനറിലുള്ളത്.
പിന്നീട് ഡിസിസി ഓഫീസ് സെക്രട്ടറി ഈ ബാനർ അഴിച്ചുമാറ്റി. കൂടാതെ, വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്ളക്സിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ഡിസിസി ഓഫീസിന് സമീപം ഐഎച്ച്ആർഡി കോളേജ് ജങ്ഷനിൽ വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്ളക്സിലും കരിഓയിൽ ഒഴിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ചർച്ച രൂക്ഷമാകുന്നിടെ വെള്ളിയാഴ്ച, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയിരുന്നു. കെപിസിസിയുടെ കർശന വിലക്കുകളെപോലും അവഗണിച്ചുകൊണ്ടായിരുന്നു പ്രകടനം.
Banner against V.D. Satheesan in front of Kozhikode DCC office; Secret relationship with Adani? Along with many questions










