എൽപിഎസ്‍ടി സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ, വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി;, ചർച്ചയ്ക്ക് ശേഷം മാത്രം നിരാഹാരം പിൻവലിക്കുന്നതിൽ തീരുമാനമെന്ന് വളർമതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്‍ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ച നടത്താനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.

ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളർമതിയെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. 22 ദിവസമായി വെള്ളം പോലും കുടിക്കാത്തതിനാൽ ആരോഗ്യനില അതീവ മോശമായ വളർമതിക്ക് നിലവിൽ ഡ്രിപ്പിലൂടെയാണ് ഫ്ലൂയിഡുകൾ നൽകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്. അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചു. മകളുടെ ആരോഗ്യസ്ഥിതിയിൽ വലിയ ആശങ്കയിലാണെന്ന് പാലക്കാട് എലപ്പുള്ളിയിലുള്ള അമ്മ യശോദ പ്രതികരിച്ചു.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും, അതിനാൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള കർശന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇതിനിടെ വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധവും രാഷ്ട്രീയ സമ്മർദ്ദവും ശക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

CM V.D. Satheesan Intervenes in LPST Rank Holders’ Protest; Education Minister to Hold Talks, Valarmathi to Continue Hunger Strike Until Discussions Take Place

More Stories from this section

family-dental
witywide