
ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കടുത്ത ജാഗ്രത പാലിക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് മുഖ്യമന്ത്രി മമത ബാനർജി നിർദേശം നൽകി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് നാലിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും കാവൽ നിൽക്കണമെന്ന് മമത ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും നേരിട്ട് നിരീക്ഷണം നടത്തണമെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ വ്യക്തമാക്കി.
ബിജെപി അധികാരത്തിലേറുമെന്ന പ്രവചനങ്ങൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്ന് മമത ആരോപിച്ചു. തൃണമൂൽ 226 സീറ്റുകൾ കടക്കുമെന്ന് ഉറപ്പാണെന്നും മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുമെന്നും അവർ പറഞ്ഞു. 2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ പ്രവചനങ്ങൾ അപ്രസക്തമായത് അവർ ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നേതാക്കളോട് മമത പ്രത്യേകമായി ആവശ്യപ്പെട്ടു. രാത്രി മുഴുവൻ ഉണർന്നിരുന്ന് കാവൽ നിൽക്കണമെന്നും അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം വിശ്രമിക്കണമെന്നുമാണ് നിർദേശം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സ്ട്രോങ്ങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളുകളിലേക്ക് മാറ്റുന്ന സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മെഷീനുകൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നുണ്ടെന്നും അവർ ആരോപിച്ചു.
ഭൂരിഭാഗം ഏജൻസികളും ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പീപ്പിൾസ് പൾസ്, ജൻമാത് എന്നീ ഏജൻസികൾ തൃണമൂൽ അധികാരത്തിൽ തുടരുമെന്നാണ് കണക്കാക്കുന്നത്. ബിജെപിയുടെ മീഡിയ പ്രചാരണങ്ങളിൽ വീഴരുതെന്നും ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മമത പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ബംഗാളിലെ 294 സീറ്റുകളിലും നിരീക്ഷണം കർശനമാക്കാനാണ് പാർട്ടിയുടെ തീരുമാനം.
Be Vigilant Day and Night, Mamata Tells Workers After Exit Polls










