മമതക്ക് വമ്പൻ പ്രഹരം, തൃണമൂൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് വിമതപക്ഷം; അരൂപ് റോയ് പുതിയ അധ്യക്ഷൻ, അഭിഷേക് ബാനർജിക്ക് സസ്‌പെൻഷൻ

പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിടിച്ചുകുലുക്കി പാർട്ടിയിൽ വൻ പിളർപ്പ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാർട്ടി സ്ഥാപക കൂടിയായ മമത ബാനർജിയെ നീക്കിയതായി വിമതപക്ഷം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ ചേർന്ന വിമതപക്ഷത്തിന്റെ നിർണ്ണായക യോഗത്തിലാണ് മമതയെ മാറ്റി അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷനെ മാറ്റിയ ഔദ്യോഗിക വിവരം ഉടൻ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് വിമത നേതാവ് ഋതബ്രത ബാനർജി വ്യക്തമാക്കി. മമത ബാനർജിയെ മാറ്റിയതിന് പുറമെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമതവിഭാഗം പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത തൃണമൂൽ എംഎൽഎമാരും പാർട്ടി കൗൺസിലർമാരും പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അരൂപ് റോയിയെ ചെയർപേഴ്‌സണായി നിയമിക്കാനുള്ള തീരുമാനമെടുത്തത്. അരൂപ് റോയ്, ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. കൊൽക്കത്ത, ഹൗറ, മുർഷിദാബാദ്, ബെർഹാംപൂർ തുടങ്ങി ബംഗാളിലെ നിരവധി ജില്ലകളിൽ നിന്നുള്ള വിമത എംഎൽഎമാരും കൗൺസിലർമാരും മുൻ ജനപ്രതിനിധികളും യോഗത്തിന്റെ ഭാഗമായി. പാർട്ടി രൂപീകരണത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണിത്.

പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ കീഴ്ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളെയും പോഷക സംഘടനകളെയും ടിഎംസി നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ വിമത എംഎൽഎമാർ നൽകിയ പരാതിയെ തുടർന്ന് 440 കോടി രൂപയുടെ നിക്ഷേപമുള്ള ടിഎംസിയുടെ മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ടിഎംസി ട്രഷറർ അരൂപ് ബിശ്വാസിന്റെ പരാതിയിലായിരുന്നു പോലീസ് നടപടി. തുടർന്ന് അരൂപിന് ടിഎംസി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അക്കൗണ്ടുകൾ മരവിപ്പിച്ച പോലീസ് നടപടിക്കെതിരെ പാർട്ടി കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി ഫണ്ടിൽ വലിയ തോതിൽ സാമ്പത്തിക തിരിമറി നടന്നതായും അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ടിഎംസി എംഎൽഎയും പരാതി നൽകിയിട്ടുണ്ട്.

Rebel Faction Removes Mamata Banerjee as TMC Chief; Appoints Arup Roy as New President

More Stories from this section

family-dental
witywide