ബെംഗളൂരു-ഡൽഹി എയർ ഇന്ത്യ വിമാനത്തിൻ്റെ എഞ്ചിനിൽ തീപിടിത്തം: ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്, യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.171 യാത്രക്കാരുമായി എത്തിയ AI 2802 എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിലെ റൺവേ 29R-ൽ ഇറക്കിയ വിമാനം ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് രാത്രി 10.18 ഓടെയാണ് റൺവേയിലെ തടസ്സങ്ങൾ നീക്കി സർവീസുകൾ പുനരാരംഭിച്ചത്.

വിമാനം ഡൽഹിയിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഒരു എഞ്ചിനിൽ തീപിടിച്ചെന്ന മുന്നറിയിപ്പ് കോക്ക്പിറ്റിലെ ജീവനക്കാർക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചു. പൈലറ്റും ജീവനക്കാരും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും, എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

ഈ അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വ്യാഴാഴ്ച രാവിലെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിന് ലാൻഡിംഗിനിടെ റൺവേയിൽ വാൽഭാഗം തട്ടി അപകടം സംഭവിച്ചിരുന്നു. ഡൽഹിയിൽ നിന്ന് 181 യാത്രക്കാരുമായി ബെംഗളൂരുവിൽ എത്തിയ AI 2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വിമാനവും സുരക്ഷിതമായി ഇറക്കിയെന്നും, വിശദമായ പരിശോധനകൾക്കായി വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റിയതായും എയർ ഇന്ത്യ അറിയിച്ചു.

Bengaluru-Delhi Air India flight catches fire in engine: Emergency landing in Delhi, passengers safe

More Stories from this section

family-dental
witywide