ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന് ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു

ഷാജി രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും,
ക്രൈസ്തവ സഭകളുടെ ആഗോള വേദിയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിനെ
ന്യൂയോർക്ക് ജനറൽ തിയോളജിക്കൽ സെമിനാരി ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം
നൽകി ആദരിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ എട്ട് ഔദ്യോഗിക എപ്പിസ്കോപ്പൽ സെമിനാരികളിൽ
ഒന്നാണ് ന്യൂയോർക്കിലെ മാൻഹട്ടനിൽ സ്ഥിതിചെയ്യുന്ന ജനറൽ തിയോളജിക്കൽ
സെമിനാരി. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉന്നത പഠനത്തിനു
ശേഷം ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷനിലും
ബിഷപ്പ് ഡോ.മാർ പൗലോസ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

2005 മെയ് 14-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പയായി സ്ഥാനാരോഹണം
ചെയ്യപ്പെട്ട ഡോ.മാർ പൗലോസ് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ്
മാർത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി. ഉതുപ്പിന്റെയും സോസമ്മയുടെയും
മകനാണ്.

ദൈവശാസ്ത്ര പഠനത്തിനിടയിൽ സെറാംപൂർ സർവകലാശാലയുടെ സെനറ്റിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട മാർ പൗലോസ് ചെറുപ്പത്തിൽ അഖില കേരള ബാലജന
സഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു . ഈ സമയത്ത്
ഇന്നത്തെ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു സംസ്ഥാന
പ്രസിഡന്റ് .

കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള ദൈവത്തിന്റെ നിയോഗമായാണ് മാർ
പൗലോസ് തന്റെ വിളിയെ കണക്കാക്കുന്നത്, കൂടാതെ ദൈവത്തിന്റെ കരുണയിലും
സ്നേഹത്തിലും അദ്ദേഹം ശക്തി കണ്ടെത്തുന്നു. വിനയവും ചിട്ടയായ
പ്രവർത്തനവും അദ്ദേഹം ശ്രദ്ധിക്കുന്നതിനാൽ, ജനങ്ങളെ കൂടുതൽ കൂടുതൽ
അറിയുവാനും അവർക്ക് എന്തെങ്കിലും നന്മ ചെയ്യാനുമുള്ള തിരക്കിലാണ്
എപ്പോഴും.

നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനായ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്
ന്യൂയോർക്കിലെ എപ്പിസ്കോപ്പൽ സെമിനാരി ഹോണറി ഡോക്ടർ ഓഫ് ഡിവിനിറ്റി
ബിരുദം നൽകി ആദരിച്ചതിൽ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിലും,
ഭദ്രാസനത്തിലെ വൈദീകരും, വിശ്വാസ സമൂഹവും അനുമോദനങ്ങൾ അറിയിച്ചതായി
ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവേൽ തോമസ് അറിയിച്ചു.

More Stories from this section

family-dental
witywide