ശ്രീലേഖയുടെ രാജി ഭീഷണിയിൽ ബിജെപിയുടെ തലസ്ഥാന ഭരണം പ്രതിസന്ധിയിൽ, 49 അംഗങ്ങളായി ചുരുങ്ങും; കരുത്താർജ്ജിച്ച് പ്രതിപക്ഷം, മേയറുടെ രാജിക്കായി മുറവിളി

തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിക്കത്ത് ബി.ജെ.പി ഭരണത്തിന് കടുത്ത പ്രതിസന്ധിയുയർത്തുന്നു. സ്വതന്ത്ര അംഗം പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 അംഗങ്ങളുടെ ബലത്തിൽ ഭരണം നടത്തുന്ന മേയർ വി.വി. രാജേഷിന് വലിയ തിരിച്ചടിയാണ് ഈ നീക്കം. ഇതിനകം കാപ്പാ കേസിൽപെട്ട് പാർട്ടി കൗൺസിലർ ആർ. സുഗതൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ, ശ്രീലേഖ കൂടി രാജിയിൽ ഉറച്ചുനിന്നാൽ ബി.ജെ.പിയുടെ അംഗബലം 49 ആയി ചുരുങ്ങും. സംഭവം വിവാദമായതോടെ മേയർ വി.വി. രാജേഷ് രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ സി.പി.എമ്മും കോൺഗ്രസും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

മേയർ പദവിയുമായി ബന്ധപ്പെട്ട് തുടക്കം മുതലേ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് നിലവിലെ പൊട്ടിത്തെറിക്ക് കാരണം. വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇറങ്ങിപ്പോയത് മുതൽ ശ്രീലേഖയും പാർട്ടി നേതൃത്വവും രണ്ട് വഴിക്കാണ് സഞ്ചരിച്ചിരുന്നത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ സംവാദ ചടങ്ങിൽ നിന്നുള്ള ഇറങ്ങിപ്പോക്കും, വട്ടിയൂർക്കാവ് നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി പിന്തുണച്ചില്ലെന്ന പരാതിയുമെല്ലാം ഈ ഭിന്നത രൂക്ഷമാക്കി. സംസ്ഥാന അധ്യക്ഷൻ ശ്രീലേഖയെ മേയറാക്കാൻ ശ്രമിച്ചെങ്കിലും ആർ.എസ്.എസ് ഇടപെടലിലൂടെ വി.വി. രാജേഷിലേക്ക് നഗരഭരണ ചുമതല എത്തുകയായിരുന്നു.

ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയാൽ അത് വ്യക്തിപരമായി അവർക്ക് തിരിച്ചടിയാകുമെന്നിരിക്കെ, രാജിയിൽ ഉറച്ചുനിന്നാൽ അത് നഗരസഭയിലെ ബി.ജെ.പി ഭരണത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കും. വലിയ പദവികൾ വഹിച്ചിരുന്ന പ്രമുഖരെ പാർട്ടിയിലെത്തിച്ച് വലിയ പ്രചാരണം നടത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഈ ആഭ്യന്തര തർക്കം കടുത്ത രാഷ്ട്രീയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉയർന്നുവന്ന രാജി വിവാദങ്ങളും നഗരഭരണത്തിലെ അനിശ്ചിതത്വങ്ങളും വരും ദിവസങ്ങളിൽ തലസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ നിർണായക മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.

BJP’s Rule in Thiruvananthapuram Corporation Threatened as Councillor Sreelekha Tenders Resignation

More Stories from this section

family-dental
witywide