”എനിക്കുപറയാനുള്ളതും കേൾക്കണം” ; രാജി വാർത്തകൾക്ക് പിന്നിലെ സത്യം ഞായറാഴ്ച വെളിപ്പെടുത്തുമെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നും രാജിവെച്ചെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്.

താൻ രാജിവെച്ചെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നെന്നും ഇതിന് പിന്നിലെ യഥാർത്ഥ വശം ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ കുറിച്ചു. ഒക്ടോബർ 11 ഞായറാഴ്ച വരെ ഇതിനായി ദയവായി കാത്തിരിക്കണമെന്നും തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.

ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…

ശാസ്തമംഗലം വാർഡിലെ കൗൺസിലറായ ആർ. ശ്രീലേഖ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്ന് കാണിച്ച് മേയർക്ക് കത്തുനൽകിയതായി കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. വാർഡ് നിവാസികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ തന്നെ ഇത്തരമൊരു സന്ദേശം പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ചർച്ചകൾക്കൊടുവിൽ അവർ രാജി തീരുമാനം പിൻവലിച്ചതായും കൗൺസിലർ സ്ഥാനത്ത് തുടരുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.

പാർട്ടി നേതൃത്വം വിഷയം ഒത്തുതീർപ്പാക്കിയെന്ന വിശദീകരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ്, മാധ്യമ വാർത്തകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഞായറാഴ്ച തുറന്നുപറയുമെന്ന് വ്യക്തമാക്കി ശ്രീലേഖ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

R. Sreelekha says the truth behind the resignation news will be revealed on Sunday.

More Stories from this section

family-dental
witywide