നമ്പൂതിരിപ്പാട്, നായനാര്‍…; ഇതൊന്നും സൈബർ സഖാക്കൾ മറക്കരുതെന്ന് ബിആർഎം ഷഫീർ; സതീശന്‍റെ ‘മേനോൻ’ സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിക്ക് പിന്തുണ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞയ്ക്കിടെ ജാതിപ്പേര് ചേര്‍ത്ത് പേര് ഉച്ചരിച്ചതിനെ തുടര്‍ന്ന് അനുകൂലവും പ്രതികൂലവുമായി സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചകള്‍ ശക്തമാകുന്നു. ജാതിവാല്‍ ഇല്ലാത്ത കോണ്‍ഗ്രസാണ് യഥാര്‍ഥ ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമെന്ന നിലപാടാണ് പാര്‍ട്ടി വക്താവ് ജിന്റോ ജോണ്‍ മുന്നോട്ടുവച്ചത്. മുന്‍പത്തെ സത്യപ്രതിജ്ഞകളില്‍ ഉപയോഗിക്കാതിരുന്ന “മേനോന്‍” എന്ന പേര് ഇപ്പോള്‍ ചേര്‍ക്കേണ്ട സാഹചര്യം എന്താണെന്ന് പാര്‍ട്ടി വക്താവ് അനൂപ് വി ആര്‍ ചോദിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ച് മുഖ്യമന്ത്രിയെ പിന്തുണച്ച് ബി ആര്‍ എം ഷെഫീര്‍ രംഗത്തെത്തി. “നമ്പൂതിരിപ്പാട്”, “നായനാര്‍” എന്നിവയും ജാതിസൂചനകളുള്ള പേരുകളാണെന്നും, സിപിഎം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് മരണംവരെ തലപ്പാവ് ധരിച്ചിരുന്നുവെന്ന കാര്യവും വി ഡി സതീശനെ വിമര്‍ശിക്കുന്ന സൈബര്‍ സഖാക്കള്‍ മറക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വടശേരി വിലാസിനി അമ്മയുടെയും കെ ദാമോദര മേനോന്‍റെയും മകനായ വി ഡി സതീശന്‍, ഈ തവണ സത്യപ്രതിജ്ഞയ്ക്കിടെ “വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍” എന്ന പൂര്‍ണനാമമാണ് ഉപയോഗിച്ചത്. ഇതോടെയാണ് വിഷയത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ആരംഭിച്ചത്.

നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് ഇപ്പോള്‍ ജാതിപ്പേര് മുന്നോട്ടുവെച്ച് വ്യക്തിത്വം അടയാളപ്പെടുത്തേണ്ട ആവശ്യം എന്താണെന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ന്യൂനപക്ഷ പ്രീണനമെന്ന ആരോപണങ്ങള്‍ക്കെതിരായ രാഷ്ട്രീയ സന്ദേശമാണിതെന്നും, ഭൂരിപക്ഷ വിഭാഗങ്ങളെ അകറ്റാതിരിക്കാന്‍ സ്വീകരിച്ച തന്ത്രമാണിതെന്നുമുള്ള വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നും സമാന വിമര്‍ശനങ്ങള്‍ പുറത്തുവരുന്നത്.

More Stories from this section

family-dental
witywide