
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് കൂട്ടിയിടിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. അൽ വതൻ റോഡിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽപ്പെട്ട ബസ് ഒമാനിലേക്ക് വീസ മാറ്റുന്നതിനായി യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി സർവീസ് നടത്തിയ ബസിൽ യാത്ര ചെയ്തിരുന്നവരിൽ മരിച്ചവരിൽ ഏറെയും മലയാളികളാണെന്നാണ് പ്രാഥമിക സൂചന.
അപകടവിവരം ലഭിച്ചയുടൻ ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും അടിയന്തര സംഘങ്ങൾ നടപടി സ്വീകരിച്ചു.
മരിച്ചവരുടെ പേരുവിവരങ്ങളോ പരുക്കേറ്റവരുടെ കൃത്യമായ എണ്ണമോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.













